ബയേണ്‍ മ്യൂണിക്കും യുവന്റസും നോക്കൗട്ടില്‍; യുണൈറ്റഡിന് സമനില; ചെല്‍സിക്കും ബാഴ്‌സയ്ക്കും വിജയം

By RK.03 11 2021

imran-azhar


മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കും യുവന്റസും നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. ചെല്‍സിയും ബാഴ്സലോണയും വിജയിച്ചു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സമനിലയില്‍.

 

ഗ്രൂപ്പ് ഇ യില്‍ ബെന്‍ഫിക്കയെ രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണ്‍ മ്യൂണിക്ക് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി ബയേണിനായി ഹാട്രിക്ക് നേടി. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിലും വിജയിച്ച് ബയേണ്‍ നോക്കൗട്ട് ഉറപ്പിച്ചു.

 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് ഡൈനാമോ കീവിനെ പരാജയപ്പെടുത്തി. 70-ാം മിനിട്ടില്‍ യുവതാരം അന്‍സു ഫാത്തിയാണ് ബാഴ്സയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്.

 

ചാമ്പ്യന്‍സ് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ബാഴ്സയ്ക്ക് ഏറെ ആശ്വാസം പകരുന്ന വിജയമാണിത്. ഈ വിജയത്തോടെ ടീം ബയേണിന് താഴെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി.

 

ഗ്രൂപ്പ് എച്ചില്‍ യുവന്റസ് രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് സെനിത് സെയ്ന്റ് പീറ്റേഴ്സ് ബെര്‍ഗിനെ പരാജയപ്പെടുത്തി നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. ആദ്യ നാല് മത്സരങ്ങളിലും വിജയിച്ചാണ് യുവന്റസിന്റെ മുന്നേറ്റം.

 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി എതിരില്ലാത്ത ഒരു ഗോളിന് മാല്‍മോയെ വീഴ്ത്തി. ഈ വിജയത്തോടെ ചെല്‍സി നോക്കൗട്ട് യോഗ്യതയുടെ അടുത്തെത്തി.

 

ചാമ്പ്യന്‍സ് ലീഗിലെ മറ്റ് മത്സരങ്ങളില്‍ ലില്ലെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെവിയ്യയെ പരാജയപ്പെടുത്തിയപ്പോള്‍ വോള്‍വ്സ്ബര്‍ഗ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ആര്‍.ബി.സാല്‍സ്ബര്‍ഗിനെ അട്ടിമറിച്ചു.

 

 

 

 

 

 

OTHER SECTIONS