കോപ്പ അമേരിക്ക: അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് മുന്നില്‍

By sisira.11 07 2021

imran-azhar

 

 മാരക്കാന: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന കോപ്പ അമേരിക്ക സ്വപ്ന ഫൈനലിൽ ആര് കപ്പുറപ്പിക്കുമെന്നറിയാനിനി നിമിഷങ്ങൾ മാത്രം.

 

ആദ്യ പകുതി കഴിഞ്ഞപ്പോള്‍ തന്നെ ബ്രസീലിനെതിരേ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്നു.

 

22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍.

 

പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

 

മത്സരത്തിന്റെ നിയന്ത്രണം ആദ്യം തന്നെ ഏറ്റെടുത്തത് ബ്രസീലായിരുന്നു. ആദ്യ 15 മിനിറ്റ് ഇരു ടീമും പരുക്കന്‍ കളി പുറത്തെടുത്തു. നിരവധി ഫൗളുകളാണ് ഈ സമയത്ത് ഉണ്ടായത്.

 

ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല. 29-ാം മിനിറ്റില്‍ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു.

 

എന്നാല്‍ താരത്തിന്റെ ഷോട്ട് മാര്‍ക്കിന്യോസ് തടഞ്ഞു. 33-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.

OTHER SECTIONS