By Aswany Bhumi.05 04 2021
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റെ 2019–20 സീസണ് ഫുട്ബോള്‍ കിരീടം റയല്‍ സോസിഡാഡിന്. ഫൈനലില്‍ അത്ലറ്റിക് ബില്‍ബാവോയെ 1–0ന് സോസിഡാഡ് കീഴടക്കി.
63–ാം മിനിറ്റില്‍ മൈക്കള്‍ ഒയര്‍സബാല്‍ നേടിയ പെനല്‍റ്റി ഗോളിലൂടെയായിരുന്നു സോസിഡാഡിന്റെ കിരീടധാരണം. 1987നുശേഷം സോസിഡാഡ് നേടുന്ന ആദ്യത്തെ കിരീടമാണിത്.
സോസിഡാഡിന്റെ നീണ്ട 34 വര്‍ഷത്തെ കിരീട കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. അതേസമയം, കോപ്പ ഡെല്‍ റെ ഫൈനലില്‍ ബില്‍ബാവോയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ്.
കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഫൈനല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നീട്ടിവച്ചതോടെയാണ് ഒരു വര്‍ഷത്തിനുശേഷം മത്സരം അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാല്, അഞ്ച് തീയതികളിലായിരുന്നു സെമി പോരാട്ടങ്ങള്‍.
വന്പന് ക്ളബ്ബുകളായ റയല്‍ മാഡ്രിഡിനെയും ബാഴ്സയെയും കീഴടക്കിയായിരുന്നു സോസിഡാഡും ബില്‍ബാവോയും സെമിയിയില്‍ പ്രവേശിച്ചത്. റയലിനെ 4–3ന് സോസിഡാഡ് തകര്‍ത്തപ്പോള്‍ ബാഴ്സലോണയെ 1–0ന് ബില്‍ബാവോ മറികടന്നു.
സ്പാനിഷ് താരമായ ഡേവിഡ് സില്‍വയുടെ വരവാണു സോസിഡാഡിന്റെ 34 വര്‍ഷം നീണ്ട കിരീട കാത്തിരിപ്പ് അവസാനിക്കാന്‍ കാരണമെന്നു പറഞ്ഞാല്‍ അദ്ഭുതമില്ല. കാരണം, ഇംഗ്ളീഷ് ക്ളബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്ന് ഈ വര്‍ഷമാണു സില്‍വ സോസിഡാഡില്‍ എത്തിയത്.
സോസിഡാഡില്‍ എത്തിയ ആദ്യ സീസണില്‍ സില്‍വ ക്ളബ്ബിന്റെ 34 വര്‍ഷത്തിനുശേഷമുള്ള ആദ്യ കിരീടത്തില്‍ പങ്കാളിയായി.
2010ല്‍ സില്‍വ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയപ്പോഴും സമാനമായൊരു കിരീട ദൗര്‍ലഭ്യതയ്ക്ക് വിരാമമായിരുന്നു. സില്‍വയുടെ ആദ്യ സീസണില്‍ സിറ്റി എഫ്എ കപ്പ് സ്വന്തമാക്കി. 35 വര്‍ഷത്തിനുശേഷം സിറ്റി നേടുന്ന ആദ്യ കിരീടമായിരുന്നു അത്.