2-0 നൈജീരിയയ്‌ക്കെതിരെ ക്രൊയേഷ്യയുടെ വിജയ തുടക്കം

By Online Desk.17 Jun, 2018

imran-azhar

കാലിനിന്‍ഗ്രാഡ്: ഗ്രൂപ്പ് ഡിയിലെ രണ്ടാം മല്‍സരത്തില്‍ നൈജീരിയയ്‌ക്കെതിരെ ക്രൊയേഷ്യയ്ക്ക് രണ്ടു ഗോള്‍ വിജയം. മുപ്പത്തിരണ്ടാം മിനിട്ടിലെ നൈജീരിയന്‍ താരം ഒഗനകാരോ ഇറ്റേബോയുടെ സെല്‍ഫ് ഗോളും, എഴുപത്തിരണ്ടാം മിനിട്ടിലെ ലൂക്കാ മോഡ്രിച്ചിന്റെ പെനല്‍റ്റി ഗോളുമാണ് ക്രൊയേഷ്യയ്ക്ക് വിജയം നേടിക്കൊടുത്തത്. അതോടെ ക്രൊയേഷ്യ ഡി ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ഒന്നാമതെത്തി. 32-ാം മിനിറ്റിലാണ് ക്രൊയേഷ്യ ലീഡ് നേടിയത്. 72ാം മിനിറ്റിലെ പെനല്‍റ്റിയിലൂടെ ക്രൊയേഷ്യ വീണ്ടും ലീഡുയര്‍ത്തി. നൈജീരിയന്‍ ബോക്‌സിനുള്ളിലെ ശക്തിയേറിയ മത്സരത്തിനൊടുവില്‍ ഒഗനകാരോ ഇറ്റേബോയുടെ ദേഹത്തുതട്ടി പന്തു വലയില്‍ കയറുകയായിരുന്നു. ലൂക്കാ മോഡ്രിച്ചാണ് ബോക്‌സിനുള്ളില്‍ മാന്‍സൂക്കിച്ചിനെ വില്ല്യം ട്രൂസ്റ്റ് ഇകോങ് വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റിയത്.