ഡെന്‍മാര്‍ക്ക് ഓപ്പണ്‍: ലിന്‍ ഡാനെ അട്ടിമറിച്ച് ശ്രീകാന്ത് ക്വാര്‍ട്ടറില്‍

By Online Desk.20 10 2018

imran-azhar

 

 

കോപ്പന്‍ഹാഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ചൈനയുടെ സൂപ്പര്‍താരം ലിന്‍ ഡാനെ അട്ടിമറിച്ച് ഇന്ത്യയുടെ കെ ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തി. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ അട്ടിമറി ജയം. സ്‌കോര്‍ 18-21, 21-17, 21-16.


ആദ്യ ഗെയിം കൈവിട്ടശേഷമാണ് ശ്രീകാന്ത് അതിശക്തമായി തിരിച്ചെത്തി മത്സരം സ്വന്തമാക്കിയത്. ലോക റാങ്കിംഗില്‍ ശ്രീകാന്ത് ആറാമതും ലിന്‍ ഡാന്‍ പതിനാലാം സ്ഥാനത്തുമാണ്. രണ്ടുതവണ ഒളിമ്പിക് സ്വര്‍ണവും അഞ്ച് തവണ ലോകചാമ്പ്യന്‍ഷിപ്പും നേടിയ താരമാണ് ലിന്‍ ഡാന്‍. അഞ്ച് തവണ ഏറ്റു മുട്ടിയതില്‍ രണ്ടാം തവണയാണ് ശ്രീകാന്ത് ലിന്‍ ഡാനെ കീഴടക്കുന്നത്.


2014ലെ ചൈന ഓപ്പണിലായിരുന്നു ആദ്യമായി ശ്രീകാന്ത് ലിന്‍ ഡെന കീഴടക്കിയത്. 2016ലെ റിയോ ഒളിംപിക്‌സ് ക്വാര്‍ട്ടറില്‍ ലിന്‍ ഡാന്‍ ശ്രീകാന്തിനെ തോല്‍പ്പിച്ചിരുന്നു. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ സമീര്‍ വര്‍മയാണ് ശ്രീകാന്തിന്റെ എതിരാളി. 2018ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് ജൊനാഥന്‍ ക്രിസ്റ്റിയെ തോല്‍പ്പിച്ചാണ് സമീര്‍ വര്‍മ ക്വാര്‍ട്ടറിലെത്തിയത്.

 

OTHER SECTIONS