മറഡോണയണിഞ്ഞ വിഖ്യാത ജേഴ്‌സി ലേലത്തില്‍ പോയത് റെക്കാഡ് തുകയ്ക്ക്

By Avani Chandra.05 05 2022

imran-azhar

 

ലണ്ടന്‍: 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനന്‍ ഇതിഹാസ താരം മറഡോണയണിഞ്ഞ ജേഴ്‌സി റെക്കാഡ് തുകയ്ക്ക് ലേലത്തില്‍ പോയതായി റിപ്പോര്‍ട്ട്. 9.3 മില്യണ്‍ യൂറോ ഏകദേശം 70 കോടി 90 ലക്ഷം രൂപയ്ക്കാണ് ജേഴ്‌സി ലേലം ചെയ്തത്. കായിക ചരിത്രത്തില്‍ ഒരു താരത്തിന്റെ ജേഴ്‌സിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിത്.

 

ദൈവത്തിന്റെ കൈ കൊണ്ട് നേടിയതെന്ന് മറഡോണ വിശേഷിപ്പിച്ചതും നൂറ്റാണ്ടിന്റെ ഗോളെന്ന് ലോകം വാഴ്ത്തിയതുമായ രണ്ട് അനശ്വര ഗോളുകള്‍ നേടിയപ്പോള്‍ മറഡോണ ധരിച്ചിരുന്ന ജേഴ്‌സിയാണിതെന്നാണ് പ്രത്യേകത. ഇംഗ്ലണ്ട് താരം സ്റ്റീവ് ഹോഡ്ജിന്റെ കൈവശമായിരുന്നു മറഡോണയുടെ ജേഴ്‌സി. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം ഹോഡ്ജുമായി മറഡോണ കുപ്പായം കൈമാറ്റം ചെയ്യുകയായിരുന്നു.

 

അഞ്ച് ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് ഒറ്റയ്ക്കുള്ള മുന്നേറ്റത്തിലൂടെയാണ് മറഡോണ രണ്ടാം ഗോള്‍ നേടിയത്. 51,55 മിനുറ്റുകളിലായിരുന്നു ലോകത്തെ പിടിച്ചുകുലുക്കിയ മറഡോണയുടെ രണ്ട് ഗോളുകളും പിറന്നത്. മത്സരത്തില്‍ രണ്ടിനെതിരെ ഒരു ഗോളിന് അര്‍ജന്റീന വിജയിക്കുകയും ചെയ്തിരുന്നു. വെസ്റ്റ് ജര്‍മനിയെ കീഴടക്കി അര്‍ജന്റീന ആ വര്‍ഷം ലോക കിരീടത്തിലും മുത്തമിട്ടിരുന്നു.

 

ബുധനാഴ്ചയാണ് ലേല നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ആരാണ് ഇത്രയും തുക മുടക്കി ഈ ജേഴ്സി സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ലേലത്തിന് എതിരെ മറഡോണയുടെ മകള്‍ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ട് താരം ഹോഡ്ജിന്റെ പക്കലുള്ളത് ആ രണ്ട് ഗോളുകള്‍ നേടുമ്പോള്‍ മറഡോണ അണിഞ്ഞ ജഴ്സിയല്ലെന്നാണ് മകള്‍ പറയുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ അണിഞ്ഞ ജേഴ്സിയാണ് മറഡോണ ഹോഡ്ജിന് കൈമാറിയതെന്ന് മകള്‍ പറയുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25നാണ് മറഡോണ ലോകത്തോട് വിടപറയുന്നത്.

 

OTHER SECTIONS