ദിനേഷ് കാര്‍ത്തിക്കിനെ പരിഗണിക്കേണ്ടതില്ല: അജയ് ജഡേജ

By Shyma Mohan.09 08 2022

imran-azhar

 


മുംബൈ: വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്കിനെ ഇനിയും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന വാദവുമായി മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ.

 

പ്ലേയിംഗ് ഇലവന്‍ വലിയ മത്സരങ്ങള്‍ക്കുള്ളതാണെന്ന് തോന്നണമെന്നും ജഡേജ അഭിപ്രായപ്പെട്ടു. അതേസമയം കഴിഞ്ഞ ലോകകപ്പിനുശേഷം ട്വിന്റി20ക്കായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടില്ലാത്ത മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും മുന്‍ ഇന്ത്യന്‍ താരം പറയുന്നു.

 

പതിവു രീതി മാറി ആക്രമണ ക്രിക്കറ്റ് കളിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ടീം സെലക്ഷനും മാറ്റേണ്ടി വരും. രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും ടീമിലുണ്ടെങ്കില്‍ ദിനേഷ് കാര്‍ത്തിക്കിനെയും കളിപ്പിക്കേണ്ടിവരും. ടീമിന് ഇന്‍ഷൂറന്‍സ് പോലെയാണ് കാര്‍ത്തിക്ക്. വിരാടും രോഹിത് ശര്‍മ്മയും കളിക്കുന്നില്ലെങ്കില്‍ കാര്‍ത്തിക്കിനും അവിടെ സ്ഥാനമില്ല. അദ്ദേഹത്തിന് എന്റെയൊപ്പം കമന്ററി ബോക്‌സില്‍ ഇടം ലഭിക്കും. കമന്റേറ്റര്‍ എന്ന നിലയില്‍ അദ്ദേഹം വളരെ മികച്ചതാണ്.

 

ധോണിയുടെ സ്റ്റൈലിലാണ് തിരഞ്ഞെടുപ്പ് എങ്കില്‍ വിരാട്, രോഹിത്, കാര്‍ത്തിക്ക് എ്ന്നിവരെ ഉള്‍പ്പെടുത്താം. എന്നാല്‍ ആധുനിക ക്രിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കേണ്ടി വരും.

 

മുഹമ്മദ് ഷമിയെ ടീമിലെടുക്കും. ബൗളര്‍മാരെ ആദ്യം തിരഞ്ഞെടുക്കണമെന്നാണ് എന്റെ നിലപാട്. ഷമിക്കുശേഷം ജസ്പ്രീത് ബുമര്, അര്‍ഷ്ദീപ് സിംഗ്, യുസ് വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലുണ്ടാകും. ബാറ്റ്‌സ്മാന്‍മാരില്‍ ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവരും കളിക്കണമെന്നും ജഡേജ ഫാന്‍കാഡിനോട് പറഞ്ഞു.

 

ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക്കും ഇടം നേടിയിരുന്നു. ട്വിന്റി20 ലോകകപ്പിലും ദിനേഷ് കാര്‍ത്തിക്കിനെ ടീമിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

OTHER SECTIONS