സിക്‌സുകള്‍ കൊണ്ട് മഴ പെയ്യിച്ച് ഇംഗ്ലണ്ട്: റിക്കാര്‍ഡ് നേട്ടത്തില്‍ ഇയോന്‍ മോര്‍ഗന്‍

By online desk.19 06 2019

imran-azhar

 

 

മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫര്‍ഡില്‍ ഇയോന്‍ മോര്‍ഗന്‍ സിക്സുകള്‍കൊണ്ട് മഴ പെയ്യിച്ചു. സിക്സുകള്‍കൊണ്ട് റണ്‍ മഴപെയ്യിച്ചപ്പോള്‍ ഇംഗ്‌ളണ്ട് ഉയര്‍ത്തി കൂറ്റന്‍ സ്‌കോറിന് അടുത്തുപോലുമെത്താതെ അഫ്ഗാനിസ്ഥാന്‍ 150 റണ്‍സിനു കീഴടങ്ങി. അഫ്ഗാനിസ്ഥാനു ജയിക്കാന്‍ 398 റണ്‍സാണ് വേണ്ടിയിരുന്നത്. അഫ്ഗാനിസ്ഥാന്റെ പോരാട്ടം 50 ഓവറില്‍ എട്ടു വിക്കറ്റിന് 247 റണ്‍സില്‍ അവസാനിച്ചു. 17 സിക്സ് നേടിയ മോര്‍ഗന്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന റിക്കാര്‍ഡ് സ്വന്തമാക്കി. 16 സിക്സുകള്‍ വീതം നേടിയ രോഹിത് ശര്‍മ, എ.ബി. ഡി വില്യേഴ്സ്, ക്രിസ് ഗെയ്ല്‍ എന്നിവരുടെ പേരിലുള്ള റിക്കാര്‍ഡാണ് തകര്‍ത്തത്. ലോകകപ്പില്‍ 16 സിക്‌സ് പറത്തിയ ക്രിസ് ഗെയ്ലായിരുന്നു ഇതുവരെ മുന്നില്‍. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ കളിക്കാരനെന്ന പദവി മോര്‍ഗന്‍ നേടി.


14 സിക്സുള്ള ആരോണ്‍ ഫിഞ്ചാണ് രണ്ടാമത്. 71 പന്ത് നീണ്ട മോര്‍ഗന്റെ ഇന്നിംഗ്സില്‍ മൂന്നു ഡിഫന്‍സീവ് ഷോട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്. ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറികളില്‍ നാലാമത്തേതാണ് മോര്‍ഗന്‍ കുറിച്ചത്. 57 പന്തില്‍നിന്നാണ് ഇംഗ്‌ളീഷ് നായകന്‍ സെഞ്ചുറി നേടിയത്. 2011 ലോകകപ്പില്‍ കെവിന്‍ ഒ ബ്രിയന്റെ 50 പന്തിലെ സെഞ്ചുറിയാണ് ഏറ്റവും വേഗമേറിയത്. 2015 ലോകകപ്പില്‍ ഗെ്‌ളന്‍ മാക്സ് വെല്‍, 52 ബോള്‍ സെഞ്ചുറിയുമായി എ.ബി. ഡിവില്യേഴ്സ് എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. ഇംഗ്‌ളണ്ടിനായി ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ബാറ്റ്സ്മാനാണു മോര്‍ഗന്‍. 193 സിക്സാണ് ഇംഗ്‌ളീഷ് നായകന്റെ പേരിലുള്ളത്. ജോസ് ബട്ലര്‍ (123), ആന്‍ഡ്രു ഫ്ളിന്റോഫ് (92) എന്നിവരാണ് പിന്നില്‍. ഓള്‍ഡ് ട്രാഫര്‍ഡിലെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറാണ് ഇംഗ്‌ളണ്ടിന്റെ 397 റണ്‍സ്. അഫ്ഗാനെതിരെ 25 സിക്സാണ് ഇംഗ്‌ളണ്ട് നേടിയത്. ഏകദിനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും കൂടുതല്‍ എണ്ണം. ഇംഗ്‌ളണ്ടിന്റെതന്നെ പേരിലുണ്ടായിരുന്ന 24 സിക്സായിരുന്നു നേരത്തത്തേത്. ഈ മത്സരത്തില്‍ 21 ഫോറാണ് ഇംഗ്‌ളണ്ട് നേടിയത്.


ഈ ലോകകപ്പില്‍ ഉണ്ടാകുമെന്നു കരുതിയ 500 റണ്‍സ് വഴങ്ങിയില്ലെന്ന കാര്യത്തില്‍ അഫ്ഗാന് ആശ്വസിക്കാം. ടോസ് നേടിയ ഇംഗ്‌ളണ്ട് രണ്ടാമതൊന്നാലോചിക്കാതെ ബാറ്റിംഗ്തന്നെ തെരഞ്ഞെടുത്തു. ആ തീരുമാനം വന്നപ്പോള്‍ ഇംഗ്‌ളണ്ട് എത്ര റണ്‍സ് എടുക്കുമെന്നാണ് കണക്കുകൂട്ടിയത്. ആദ്യ ഓവറുകളിലെ മെല്ലപ്പോക്ക് കണ്ടപ്പോള്‍ ഇംഗ്‌ളണ്ട് ആരാധകര്‍ കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിച്ചില്ലായിരിക്കും. എന്നാല്‍, ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനെത്തിയതോടെ പന്തുകള്‍ നിലംതൊടാതെ ബൗണ്ടറി ലൈനിനു മുകളിലൂടെ പറന്നു തുടങ്ങി. ഈ ലോകകപ്പിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 397 റണ്‍സില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടമാക്കി ഇംഗ്‌ളണ്ടെത്തി. മോര്‍ഗനും ജോ റൂട്ടും ജോസ് ബട്ലറും അടുത്തടുത്ത് പുറത്തായതാണ് ഇംഗ്‌ളണ്ടിന്റെ സ്‌കോര്‍ 400 കടക്കാതിരിക്കാന്‍ കാരണമായത്. ലോകകപ്പില്‍ ഇംഗ്‌ളണ്ടിന്റെ ഉയര്‍ന്ന സ്‌കോറാണിത്. 71 പന്തില്‍ നാലു ഫോറിന്റെയും 17 സിക്സിന്റെയും അകമ്പടിയില്‍ 148 റണ്‍സ് നേടിയ ഇയോന്‍ മോര്‍ഗന്‍, 99 പന്തില്‍ എട്ടു ഫോറും മൂന്നു സിക്സും പായിച്ച് 90 റണ്‍സിലെത്തിയ ജോണി ബെയര്‍സ്റ്റോ, 82 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സും നേടി 88 റണ്‍സ് നേടിയ ജോ റൂട്ട് എന്നിവരാണ് ഇംഗ്‌ളണ്ടിനെ വന്‍ സ്‌കോറിലേക്കു നയിച്ചത്. തോല്‍വി ഉറപ്പായ മത്സരത്തിലും ചുമ്മാ വന്നങ്ങ് കീഴടങ്ങാന്‍ പല പോരാട്ടങ്ങളും കണ്ട ഭൂമിയില്‍നിന്നു വന്ന അഫ്ഗാന്‍ കളിക്കാര്‍ തയാറല്ലായിരുന്നു.


പോരാടിതന്നെ അവര്‍ ഇംഗ്‌ളണ്ടിന്റെ സ്‌കോറിനു മുന്നില്‍ അടിയറവു വച്ചു. വന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ അഫ്ഗാന്റെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ നാലു റണ്‍സുള്ളപ്പോള്‍ റണ്ണൊന്നുമെടുക്കാത്ത നൂര്‍ അലി സദ്രാനെ ജോഫ്ര ആര്‍ച്ചര്‍ ക്‌ളീന്‍ ബൗള്‍ഡാക്കി. ഹഷ്മതുള്ള ഷാഹിദി (100 പന്തില്‍ 76), റഹ്മത് ഷാ (74 പന്തില്‍ 46), അസ്ഗര്‍ അഫ്ഗാന്‍ (48 പന്തില്‍ 44), ഗുലാബദിന്‍ നെയ്ബ് (28 പന്തില്‍ 37) എന്നിവരുടെ പ്രകടനമാണ് അഫ്ഗാനെ മാന്യമായ തോല്‍വിയിലെത്തിച്ചത്.

OTHER SECTIONS