ഒന്നാം റാങ്കുകാർക്ക് കാലിടറുന്നു: ഓസീസിന് 64 റൺസ് ജയം

By Sooraj Surendran .26 06 2019

imran-azhar

 

 

ലണ്ടൻ: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് മികച്ച ജയം. റൺസിനാണ് കങ്കാരുപ്പട ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ നിര്ബാന്ധിതരായ ഓസീസ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണ് നേടിയത്. ഓപ്പണിംഗ് ബാറ്റ്സ്‌മാന്മാരായ ആരോൺ ഫിഞ്ചിന്റെ തകർപ്പൻ സെഞ്ചുറി പ്രകടനമാണ് ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 116 പന്തിൽ നിന്നും ഫിഞ്ച് 100 റൺസാണ് നേടിയത്. 11 ബൗണ്ടറികളും 2 സിക്‌സറും ഫിഞ്ചിന്റെ ഇന്നിങ്സിൽപ്പെടുന്നു. ഫിഞ്ചിന് പിന്തുണയേകി ഡേവിഡ് വാർണറും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 61 പന്തിൽ 53 റൺസാണ് വാർണർ നേടിയത്. സ്റ്റീവ് സ്മിത്തും, അലക്സ് ക്യാരിയും 38 റൺസ് വീതം നേടി. ഉസ്മാൻ ഖവാജ ഫോമിലേക്ക് തിരിച്ചുവരാത്തത് ടീമിന് തിരിച്ചടിയായി. 29 പന്തിൽ 23 റൺസ് മാത്രമാണ് ഖവാജക്ക് നേടാനായത്. ഗ്ലെൻ മാക്സ്‌വെല്ലിനും പ്രതീക്ഷിച്ചപോലെ തിളങ്ങാനായില്ല. 8 പന്തിൽ നിന്നും 12 റൺസ് നേടിയ മാക്‌സ്‌വെൽ വളരെ വേഗം ക്രീസ് വിട്ടു. ഇംഗ്ലണ്ട് ബൗളർമാർ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 10 ഓവറിൽ 46 റൺസ് വഴങ്ങി ക്രിസ് വോക്‌സ് 2 വിക്കറ്റുകൾ നേടി. ജോഫ്രാ ആർച്ചർ, മാർക്ക് വുഡ്, മൊയീൻ അലി, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം പിഴച്ചു. 26 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ട് തുടക്കത്തിലേ തോൽവി ഉറപ്പിച്ചിരുന്നു. 44.4 ഓവറിൽ 221 റൺസിന് ഓസീസ് ഇംഗ്ലണ്ടിനെ പുറത്താക്കുകയായിരുന്നു. 115 പന്തിൽ 89 റൺസ് നേടിയ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന്റെ പ്രകടനം ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ നൽകിയെങ്കിലും സ്റ്റോക്സിനെ പിന്തുണയ്ക്കാൻ ആരുമുണ്ടായില്ല. ജോ റൂട്ട് (8), മോർഗൻ (4) എന്നിവർ നേരത്തെ പുറത്തായത് ടീമിന് കനത്ത തിരിച്ചടിയായി. ഗംഭീര ബൗളിംഗ് പ്രകടനമാണ് ഓസീസ് ബൗളർമാർ കാഴ്ചവെച്ചത്. ജേസൺ ബെൻഡോർഫ് 10 ഓവറിൽ 44 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റുകളാണ്‌ നേടിയത്. മിച്ചൽ സ്റ്റാർക്ക് 8.4 ഓവറിൽ 43 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ നേടി. ജൂൺ 29ന് ന്യൂസീലൻഡിനെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം.

OTHER SECTIONS