ചരിത്ര നിമിഷം; ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ ഫൈനലില്‍

By Anju N P.12 Jul, 2018

imran-azhar


ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ക്രൊയേഷ്യയുടെ ഫൈനല്‍ പ്രവേശം. കളിയുടെ ആദ്യപകുതിയില്‍ കീറന്‍ ട്രിപ്പിയര്‍ (5-ാം മിനിറ്റ്) നേടിയ ആദ്യ ഗോളില്‍ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ ഇവാന്‍ പെരിസിച്ചും (68), എക്‌സ്ട്രാ ടൈമില്‍ മരിയോ മാന്‍സൂക്കിച്ചും (109) നേടിയ ഗോളുകളിലൂടെ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ജൂലൈ 15ന് നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. ആദ്യമായാണ് ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.

 

2006 ല്‍ ബെക്കാം ഇക്വഡോറിനെതിരെ നേടിയ ഗോളിന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ലോകകപ്പില്‍ ഫ്രീകിക്ക് നേരിട്ട് ഗോളാക്കുന്നത്. ഇംഗ്ലണ്ടിന് വേണ്ടി ട്രിപ്പിയറിന്റെ ആദ്യ ഗോളാണിത്.

 

യുവാന്‍ പെരിസിച്ചാണ് ക്രൊയേഷ്യയുടെ 68 മിനിറ്റില്‍ സമനില ഗോള്‍ നേടിയത്. ഇടതു വിങ്ങില്‍ നിന്ന് വ്രസാല്‍ക്കോ ഉയര്‍ത്തി നല്‍കിയ പന്ത് ഇംഗ്ലണ്ട് താരം വാള്‍ക്കറുടെ തലയ്ക്ക് മുകളിലൂടെ കാല്‍വെച്ച് പോസ്റ്റിലേക്കിടുകയായിരുന്നു.

 

എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ക്രൊയേഷ്യ ലീഡ് നേടുന്നു. ഇംഗ്ലീഷ് പ്രതിരോധത്തിലെ അശ്രദ്ധ മുതലെടുത്താണ് മാന്‍സൂക്കിച്ച് ക്രൊയേഷ്യക്ക് ലീഡ് നേടികൊടുത്തത്. ഇവാന്‍ പെരിസിച്ചിന്റെ പാസില്‍നിന്ന് മാന്‍സൂക്കിന്റെ ക്ലോസ് റേഞ്ചര്‍.