By Priya.20 05 2022
സെവിയ്യെ: ജര്‍മന്‍ ക്ലബ്ബ് എയ്ന്ത്രാച്ച് ഫ്രാങ്ക്ഫര്‍ട്ട് സ്കോട്ടിഷ് ക്ലബ്ബ് റേഞ്ചേഴ്സിനെ തോല്‍പ്പിച്ച് യൂറോപ്പ ലീഗ് ചാമ്പ്യന്മാരായി. ജേതാക്കളെ നിര്‍ണയിച്ചത് പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ. നിശ്ചിത സമയത്തും അധികസമയത്തും കളി ഓരോ ഗോള്‍ സമനിലയില്‍ പിരിഞ്ഞു. ഷൂട്ടൗട്ടില്‍ ആരോ റാംസി കിക്ക് പാഴാക്കി. 6-4നായിരുന്നു എയ്ന്ത്രാച്ച് കപ്പടിച്ചത്. ടീം യൂറോപ്പ ലീഗ് നേടുന്നത് 42 വര്‍ഷത്തിന് ശേഷം.ഇതിന് മുന്‍പ് 1980-ലാണ് എയ്ന്ത്രാച്ച് അവസാനമായി യൂറോപ്പ ലീഗ് നേടിയത്. കിരീടനേട്ടത്തോടെ അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള അവസരവും ടീമിന് ലഭിച്ചു.
അത്യന്തം ആവേശകരമായ മത്സരത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചു. കളിയുടെ 57-ാം മിനിറ്റില്‍ ജോ അറിബോയിലൂടെ റേഞ്ചേഴ്സ് എയ്ന്ത്രാച്ചിന് ഞെട്ടലലേല്പ്പിച്ചു. എന്നാല്‍ 69-ാം മിനിറ്റില്‍ റാഫേല്‍ സാന്റോസ് മൗറിയിലൂടെ അവര്‍ സമനില ഗോള്‍ നേടി. തുടര്‍ന്ന് അധികസമയത്തിലേക്ക് നീണ്ടെങ്കിലും ജേതാക്കളെ നിര്‍ണയിക്കാനായില്ല. ഒടുവില്‍ ഷൂട്ടൗട്ട്. എയ്ന്ത്രാച്ചിനായ് കിക്കെടുത്ത എല്ലാവരും പന്ത് വലയിലെത്തിച്ചു. റേഞ്ചേഴ്സിന്റെ നാലാം കിക്കെടുത്ത റാംസി അവസരം പാഴാക്കുകയും ചെയ്തു.
സെമിയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബായ വെസ്റ്റ് ഹാമിനെ തകര്‍ത്താണ് എയ്ന്ത്രാച്ച് കലാശപ്പോരിന് യോഗ്യത നേടിയത്. ഫ്രാങ്ക്ഫര്‍ട്ടിന്റെ യൂറോപ്പ ലീഗ് കിരീടത്തിലേക്കുള്ള യാത്ര അട്ടിമറികളുടെതായിരുന്നു. സെമിയില്‍ വെസ്റ്റ് ഹാമിനെ കീഴടക്കിയ ടീം ക്വാര്‍്ട്ടറില്‍ കരുത്തരായ ബാഴ്സലോണയെ അ്ട്ടിമറിച്ചിരുന്നു. പ്രീക്വാര്‍ട്ടറില്‍ റയല്‍ ബെറ്റിസും ഫ്രാങ്ക്ഫര്‍ട്ടിന് മുന്നില്‍ മുട്ടുമടക്കുകയും ചെയ്തു. സെമിയില്‍ ജര്‍മന്‍ ടീം ആര്.ബി ലെയ്പ്സിഗിനെ മറികടാണ് റേഞ്ചേഴ്സ് ഫൈനലിലെത്തിയത്.