By Web Desk.18 06 2022
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വിരാമം. പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയി സെമിയില്‍ പരാജയപ്പെട്ടു. ചൈനീസ് താരം ഷൂ ജുന് പെംഗിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്കോര്‍: 16-21, 15-21.
പ്രണോയുടെ കരിയറിലെ രണ്ടാം ഇന്‍ഡോനേഷ്യന്‍ ഓപ്പണ്‍ സെമി മത്സരമായിരുന്നു ഇന്നലത്തേത്. ഇതിന് മുമ്പ് 2017ല്‍ സെമിയില്‍ ഏറ്റുമുട്ടിയത് മലേഷ്യന്‍ താരം ചെന്‍ ലോംഗിനോടാണ്. 2016 റിയോ ഒളിംപിക്സില്‍ സ്വര്‍ണമെഡല്‍ നേടിയ താരമായിരുന്നു ചെന്‍ ലോംഗ്.
ക്വാര്‍ട്ടര്‍ വരെയുള്ള പ്രണോയുടെ പ്രയാണം കളരെ കരുത്തുറ്റതായിരുന്നു. ക്വാര്‍ട്ടറില്‍ ഡെന്മാര്ക്ക് താരം റാസ്മസ് ഗെംകെയെ ആണ് പരാജയപ്പെടുത്തിയത്. ഇതേ താരത്തെ നിര്‍ണായക മത്സരത്തില്‍ തോല്‍പ്പിച്ചുകൊണ്ടാണ് ഒരു മാസം മുമ്പ് പ്രണോയ് തോമസ് കപ്പില്‍ ഇന്ത്യയ്ക്ക് നാല് പതിറ്റാണ്ടിന് ശേഷം മെഡല്‍ ഉറപ്പാക്കിയത്.
തോമസ് കപ്പിന് ശേഷം ഈ മലയാളി താരം കളിക്കാനിറങ്ങിയ ആദ്യ പ്രധാന ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇന്‍ഡോനേഷ്യന്‍ ഓപ്പണ്‍.