ഇന്ത്യയുടെ 'ഹിറ്റ് മാന്' ഇന്ന് 33-ാം ജന്മദിനം

By Sooraj Surendran.30 04 2020

imran-azhar

 

 

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 'ഹിറ്റ് മാൻ' രോഹിത് ഗുരുനാഥ് ശര്‍മയ്ക്ക് ഇന്ന് 33-ാം ജന്മദിനം. എതിർ ടീമുകളുടെ എക്കാലത്തെയും പേടി സ്വപ്നമാണ് ഈ വലംകയ്യൻ ബാറ്റ്സ്‌മാൻ. എപ്പോഴും റെക്കോർഡുകൾ ഭേദിച്ച് കൂറ്റൻ സ്‌കോർ തേടി പോകുന്ന ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലാണ് രോഹിത് ശർമ്മ. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചുറികളാണ് രോഹിത് ശർമയുടെ ബാറ്റിൽ നിന്നും പിറന്നത്. ക്രിക്കറ്റ് ലോകത്ത് മറ്റൊരു താരത്തിനും ഇതുവരെ മറികടക്കാനാകാത്ത വമ്പൻ റെക്കോർഡാണിത്. ഒരു ടീമായി പ്രഖ്യാപിച്ച് മാറ്റിനിർത്തിയാലും പതറാതെ വീറോടെ പോരാടാൻ കെൽപ്പുള്ള ഏക താരമാണ് രോഹിതെന്നും നിസംശയം പറയാം. 2020 ജനുവരിയിൽ അദ്ദേഹം ക്രിക്കറ്റർ ഓഫ്‌ ദി ഇയർ ആയി (ഐ സി സി ) തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇന്ത്യയുടെ വൈസ്‌ ക്യാപ്റ്റൻ ആണ്‌. നിരവധി മൽസരങ്ങളിൽ ക്യാപ്റ്റൻ ആയും കളിച്ചിട്ടുണ്ട്. റിതിക ശർമയാണ് ഭാര്യ. 2015ലായിരുന്നു ഇവരുടെ വിവാഹം. ഒരു മകളുമുണ്ട്.

 

2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ധോനി, രോഹിത്തിനെ ധവാനൊപ്പം ഓപ്പണര്‍ സ്ഥാനത്തേക്ക് മാറ്റിയതോടെ അതുവരെ മറ്റ് താരങ്ങൾ സ്ഥാപിച്ചിരുന്ന റെക്കോർഡുകളാണ് കടപുഴകി വീഴാൻ തുടങ്ങിയത്. ഇന്ത്യന്‍ ടീമിന്റെ ചരിത്രം മാത്രമല്ല, ഏകദിന റെക്കോഡുകളുടെ ചരിത്രം കൂടിയാണ് പിന്നീട് മാറിമാറിയാൻ തുടങ്ങിയത്. എന്നാൽ 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ ടീമിന്റെ ഭാഗമാകാൻ രോഹിത്തിനായില്ല. പിന്നീട് 2013 ഓസ്‌ട്രേലിയക്കെതിരെയും (209), 2014ൽ ശ്രീലങ്കക്കെതിരെയും (264), 2017ൽ വീണ്ടും ശ്രീലങ്കക്കെതിരെയുമാണ് രോഹിത്തിന്റെ ബാറ്റിൽ നിന്നും ഇരട്ട സെഞ്ചുറികൾ പിറന്നത്. ടെസ്റ്റ് മത്സരങ്ങളിൽ ഓപ്പണറായുള്ള അരങ്ങേറ്റവും രോഹിത് അവിസ്മരണീയമാക്കി. ആദ്യ രണ്ട് ഇന്നിങ്‌സുകളിലും തകർപ്പൻ സെഞ്ചുറികൾ. ട്വന്റി 20-യില്‍ നാലു സെഞ്ചുറികളുമായി ഈ നേട്ടത്തിലും രോഹിത് മുന്നിലുണ്ട്. ആ മാന്ത്രിക ബാറ്റിൽ നിന്നും ഗംഭീര പ്രകടനങ്ങൾ കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

 

OTHER SECTIONS