By parvathyanoop.01 07 2022
ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിലെ വനിതാ താരത്തോട് അപമര്യാദയായി പെരുമാറിയ സഹപരിശീലകനെ പുറത്താക്കിയതായി സൂചന. പരിശീലനത്തിന്റെ ഭാഗമായി യൂറോപ്പ്യന്‍ പര്യടനത്തിലാണ് ടീം ഇപ്പോള്‍. ഇവിടെ വച്ചാണ് 17 വയസില്‍ താഴെയുള്ള ഇന്ത്യന്‍ താരത്തോട് പരിശീലകന് മോശമായി പെരുമാറിയതെന്ന് കരുതുന്നു. സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ച ആള് ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന് (എ ഐ എഫ് എഫ്) എന്നാല്‍ പരിശീലകന് ആരാണെന്ന് വ്യക്തമാക്കിയില്ല.
മാദ്ധ്യമങ്ങള്‍ക്ക് നല്കിയ ഔദ്യോഗിക വിശദീകരണത്തില്‍ നടക്കാന്‍ പാടില്ലാത്ത ചില സംഭവങ്ങള്‍ ഇന്ത്യന്‍ ക്യാമ്പില്‍ നടന്നുവെന്നും ഉത്തരവാദിയായ വ്യക്തിയോട് ഉടനടി ഇന്ത്യയിലേക്ക് മടങ്ങിവരാനും തുടര്‍അന്വേഷണത്തില്‍ സഹകരിക്കാനും ആവശ്യപ്പെട്ടതായി എ ഐ എഫ് എഫ് വ്യക്തമാക്കി. ആരോപിതനായ വ്യക്തിയോട് അന്വേഷണം അവസാനിക്കുന്നത് വരെ ടീമിലെ ഒരു അംഗവുമായും യാതൊരുവിധ ബന്ധവും പുലര്‍ത്തരുതെന്ന് കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ ഐ എഫ് എഫിന്റെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ഇറ്റലിയിലെ പരിശീലന മത്സരത്തിന് ശേഷമാണ് സംഭവം പുറത്തായതെന്നാണ് ലഭിക്കുന്ന വിവരം. നോര്‍വേയ്ക്കെതിരായ മത്സരങ്ങള്‍ക്ക് മുമ്പായി ആരോപിതനായ വ്യക്തിയോട് ഇന്ത്യയിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടിരുന്നു. നോര്‍വേയില്‍ വച്ച് പരിശീലനത്തിന് ഒരു വനിതാ താരം എത്താതായതിനെ തുടര്‍ന്ന് മുഖ്യ പരിശീലകന് തോമസ് ഡെന്നര്ബീ വിവരം തിരക്കിയപ്പോഴാണ് സംഭവം ടീം മാനേജ്മെന്റ് അറിയുന്നത്. വനിതാ താരത്തിന്റെ കൂട്ടുകാരിയാണ് ഡെന്നര്ബീയെ വിവരം ധരിപ്പിക്കുന്നത്.
തുടര്‍ന്ന് സഹപരിശീലകനെ ഡെന്നര്ബീ വിളിച്ച് കാര്യം തിരക്കിയെങ്കിലും ഇയാള്‍ സംഭവം നിഷേധിക്കുകയായിരുന്നു. എന്നാല്‍ വനിതാ താരത്തിന്റെ ഫോണ്‍ പരിശോധിച്ച അധികൃതര്‍ക്ക് ഗുരുതര സ്വഭാവമുള്ള ചില വാട്സാപ്പ് സന്ദേശങ്ങളും ഫോട്ടോകളും ലഭിച്ചു. ഇതിനെ തുടര്‍ന്ന് സംഭവം എ ഐ എഫ് എഫില്‍ റിപ്പോര്‍ട്ട് ചെയ്യുകയും നടപടി എടുക്കുകയുമായിരുന്നു. മാനസികമായി തളര്‍ന്ന വനിതാ താരവുമായി സംസാരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനശാസ്ത്രജ്ഞയുടെ സേവനവും എ ഐ എഫ് എഫ് തേടിയിട്ടുണ്ട്.
അതേസമയം സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത് വനിതാ ടീമിലെ മലയാളിയായ സഹപരിശീലകനിലേക്കാണ്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, നോര്‍വേയ്ക്കെതിരായ മത്സരം മുതലുള്ള ടീം ഫോട്ടോകളിലൊന്നും ഇയാളുടെ സാന്നിദ്ധ്യം ഇല്ലാത്തത് സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ട്. നോര്‍വേ മത്സരത്തിന് മുമ്പ് ഇറ്റലിയുമായി നടന്ന ഫുട്ബാള്‍ മത്സരങ്ങളിലെല്ലാം ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു.