ഐ ലീഗില്‍ ചരിത്രം കുറിച്ച് ഗോകുലം

By Web Desk.14 05 2022

imran-azhar

 


കൊല്‍ക്കത്ത: ഗോകുലം കേരള എഫ് സി തുടര്‍ച്ചയായി രണ്ടാം സീസണിലും ഐ ലീഗ് ചാമ്പ്യന്‍മാരായി. കൊല്‍ക്കത്തയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ കരുത്തരായ മുഹമ്മദന്‍സ് എഫ്സിയെ തോല്‍പ്പിച്ചതോടെയാണ് ഗോകുലം കേരള ചാമ്പ്യന്‍പട്ടം വീണ്ടും ഉറപ്പിച്ചത്. 2-1നായിരുന്നു ഗോകുലത്തിന്റെ വിജയം. എമില്‍ ബെന്നിയാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്.

 

വൈകീട്ട് ഏഴിനായിരുന്നു സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ഐ ലീഗിലെ മത്സരം. ഐ ലീഗില്‍ തുടര്‍ച്ചയായി ജേതാക്കള്‍ എന്ന ചരിത്ര നേട്ടത്തിനായി കേരള ടീമിന് ഒരു സമനിലമാത്രം മതിയായിരുന്നു. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് മത്സരത്തിലെ മൂന്ന് ഗോളുകളും വീണത്. കേരളത്തിനായി എമില്‍ ബെന്നിക്ക് മുമ്പേ ആദ്യഗോള്‍ നേടിയത് റിഷാദ് ആണ്.

 

രണ്ടാം പകുതിയില്‍ മത്സരസമയം 49-ാം മിനിറ്റിലെത്തിയപ്പോളാണ് റിഷാദ് ഗോകുലത്തിനായി വലകുലുക്കിയത്. കേരള ടീം ആശ്വാസത്തിലായി. എന്നാല്‍ പ്രതിരോധത്തിലാകാതെ കേരളത്തിനെതിരെ മുഹമ്മദന്‍സ് ആക്രമിച്ചു തന്നെ നിലകൊണ്ടു. കേരളത്തിന്റെ ആശ്വാസത്തിന് വെറും ഏഴുമിനിറ്റിന്റെ ആയുസേ ശേഷിച്ചുള്ളൂ. മാര്‍കസ് ജോസഫ് തൊടുത്ത ഫ്രീകിക്ക് കേരളത്തിന്റെ വലയ്ക്കുള്ളിലെത്തി. സ്‌കോര്‍ 1-1 സമനിലയില്‍. മുഹമ്മദന്‍സിന്റെ ആഹ്ലാദത്തിനും കേരളത്തിന്റെ പിരിമുറുക്കത്തിനും അഞ്ചുമിനിറ്റിന്റെ പ്രായം മാത്രം. എമില്‍ ബെന്നി 61-ാം മിനിറ്റില്‍ കേരളത്തെ ചാമ്പ്യന്‍മാരാക്കിയ ഗോള്‍ നേടി. സ്‌കോര്‍ 2-1ന് കേരളം മുന്നില്‍.

 

പിന്നെയും മത്സരം പുരോഗമിച്ചു. ഇരുഭാഗത്തെയും മാനേജര്‍മാര്‍ താരങ്ങളെ മാറിമാറി പരീക്ഷിക്കല്‍ തുടര്‍ന്നു. മത്സരത്തില്‍ റഫറിക്ക് പിന്നെയും മഞ്ഞക്കാര്‍ഡ് വീണ്ടും പുറത്തെടുക്കേണ്ടിവന്നു. ഒടുവില്‍ ഇന്‍ജുറി ടൈമിലെ നാല് മിനിറ്റ് കൂടി കഴിഞ്ഞപ്പോളേക്കും സാള്‍ട്ട്ലേക്ക് മൈതാനത്തില്‍ ലോങ് വിസില്‍ മുഴങ്ങി. ഗോകുലം കേരള എഫ് സിയുടെ തുടര്‍ കിരീടവാഴ്ചയുടെ കാഹളം തുടര്‍ന്നുതന്നെ.

 

 

OTHER SECTIONS