ഗാബയിൽ ചരിത്രമെഴുതി ഇന്ത്യ

By Meghina.19 01 2021

imran-azhar

 

ആവേശപ്പോരാട്ടത്തിനൊടുവിൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ടീം ഇന്ത്യയ്ക്ക് മിന്നും വിജയം .

 

അവസാന നിമിഷം വരെ ആവേശം ചോരാതെ കളിച്ച ഇന്ത്യ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് വിജയിച്ചത് .ഓസ്ട്രേലിയ ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം, അവസാന ദിനമായ ഇന്ന് വെറും 18 പന്തുകൾ ബാക്കിനിൽക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. വിജയം മൂന്നു വിക്കറ്റിന്.

 

ഇതോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. ആദ്യ ടെസ്റ്റിൽ തോറ്റ ഇന്ത്യ, സിഡ്നിയിലെ രണ്ടാം ടെസ്റ്റും ഗാബയിലെ നാലാം ടെസ്റ്റും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായ നിലംപൊത്തിയെങ്കിലും, ഋഷഭ് പന്തിന്റെ അപരാജിത ഇന്നിങ്സ് (138 പന്തിൽ പുറത്താകാതെ 89) ഇന്ത്യയെ വിജയത്തിലെത്തിച്ചു.

 

 

ഗാബയിൽ നിറഞ്ഞാടിയ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ തുടങ്ങിവച്ച പോരാട്ടം, ചേതേശ്വർ പൂജാരയിലൂടെ കടന്ന് ഒടുവിൽ ഋഷഭ് പന്ത്, വാഷിങ്ടൻ സുന്ദർ എന്നിവർ ചേർന്നാണ് വിജയത്തിലെത്തിച്ചത് . കന്നി ടെസ്റ്റ് സെഞ്ചുറി വെറും ഒൻപത് റൺസ് അകലെ നഷ്ടമായെങ്കിലും 146 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 91 റൺസെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

 

ഓസീസ് ബോളർമാരോട് ബാറ്റുകൊണ്ടും ശരീരം കൊണ്ടും പൊരുതി നേടിയ ചേതേശ്വർ പൂജാരയുടെ ‘അർധസെഞ്ചുറി യിലൂടെയാണ് ഇന്ത്യ വിജയകിരീടം നേടിയത് . കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയെന്ന നേട്ടം ഈ പരമ്പരയിൽ ഒരിക്കൽക്കൂടി തിരുത്തിയ പൂജാര, 211 പന്തിൽ ഏഴു ഫോറുകൾ സഹിതം 56 റൺസെടുത്തു.

 

 

അസാമാന്യ ഫോം അവസാന ടെസ്റ്റിലും തുടർന്ന ഋഷഭ് പന്ത് ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചു . 134 പന്തുകൾ േനരിട്ട പന്ത്, ഏഴു ഫോറും ഒരു സിക്സും സഹിതം 88 റൺസുമായി പുറത്താകാതെ നിന്നു. പൂജാര പുറത്തായശേഷമെത്തി 29 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 22 റൺസെടുത്ത വാഷിങ്ടൻ സുന്ദറിന്റെ പോരാട്ടവീര്യവും വിജയത്തിൽ നിർണായകമായി.

 

രോഹിത് ശർമ (21 പന്തിൽ ഏഴ്), അജിൻക്യ രഹാനെ (22 പന്തിൽ 24), ശാർദൂൽ താക്കൂർ (രണ്ട്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. ഓസീസിനായി പാറ്റ് കമ്മിൻസ് നാലും നേഥൻ ലയൺ രണ്ടും ജോഷ് ഹെയ്‍സൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.

 

ഇന്നലെ വിക്കറ്റ് നഷ്ടമില്ലാതെ 21 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഓസീസിനെ ഓപ്പണർമാരായ ഡേവിഡ് വാർണറും (48) മാർക്കസ് ഹാരിസും (38) മുന്നോട്ടു കൊണ്ടു പോയി. എന്നാൽ ടീം സ്കോർ 100 തികയും മുൻപ് അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും പുറത്താക്കി ഇന്ത്യ ശക്തമായി തിരിച്ചു വന്നു.

 

ഹാരിസിനെ ശാർദൂൽ ഠാക്കൂർ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കയ്യിലെത്തിച്ചപ്പോൾ വാർണറെ വാഷിങ്ടൻ സുന്ദർ വിക്കറ്റിനു മുന്നിൽ കുരുക്കി.

 

ഇന്ത്യ ഏറ്റവും പേടിച്ച ലബുഷെയ്ൻ–സ്മിത്ത് സഖ്യം നന്നായി തുടങ്ങിയെങ്കിലും ലബുഷെയ്നെ (25) മടക്കി സിറാജ് അതു പൊളിച്ചു. സ്ലിപ്പിൽ രോഹിത് ശർമയ്ക്കു ക്യാച്ച്. അതേ ഓവറിൽ മാത്യു വെയ്ഡിനെയും (0) സിറാജ് മടക്കി.

 

പന്തിനു ക്യാച്ച്. കാമറൂൺ ഗ്രീനാണ് (37) പിന്നീട് സ്മിത്തിനു കൂട്ടു നൽകിയത്. എന്നാൽ അർധ സെഞ്ചുറി നേടിയ സ്മിത്തിനെ (55) ക്യാപ്റ്റൻ രഹാനെയുടെ കയ്യിലെത്തിച്ച് സിറാജ് ഇന്ത്യയ്ക്ക് വീണ്ടും ആശ്വാസമേകി.

 

പരമ്പര സ്വന്തമാക്കി ഇന്ത്യ മടങ്ങുമ്പോൾ പന്തും ,പൂജാരയും ,സിറാജുമടങ്ങുന്ന യുവ നിര ക്രിക്കറ്റ് പ്രേമികൾക്ക് നൽകിയ ആവേശവോജ്വലമായ നിമിഷങ്ങൾ ഗാബ യിലെ പുൽക്കൊടികളെ പോലും കോരിത്തരിപ്പിക്കും

OTHER SECTIONS