വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനം: ഇന്ത്യക്ക് 119 റണ്‍സ് ജയം

By priya.28 07 2022

imran-azhar

 


വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 119 റണ്‍സിന്റെ ജയം. ഇതോടെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി (3-0). മഴ മൂലം മത്സരത്തില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. ആദ്യം ബാറ്റിഗിന് ഇറങ്ങിയ ഇന്ത്യ 36 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടി.

 

ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം 35 ഓവറില്‍ 257 ആയി പുനഃനിശ്ചയിക്കുകയായിരുന്നു.വെസ്റ്റിന്‍ഡീസ് 26 ഓവറില്‍ 137 റണ്‍സ് എടുത്ത് എല്ലാവരും ഔട്ടായി.ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ (74 പന്തില്‍ 58) മറ്റൊരു അര്‍ധസെഞ്ചുറിയിലും ഗില്ലിന്റെ ഏറ്റവും മികച്ച ബാറ്റിംഗിലും ഇന്ത്യ 36 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തു.പ്ലെയര്‍ ഓഫ് ദി മാച്ച്, പ്ലെയര്‍ ഓഫ് ദി സീരിസ് പുരസ്‌കാരങ്ങള്‍ ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി.


ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ നായകന്‍ ശിഖര്‍ ധവാന്‍ 58(74), യുവതാരം ശുഭ്മാന്‍ ഗില്‍ പുറത്താകാതെ 98(98) എന്നിവര്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.ഒന്നാം വിക്കറ്റില്‍ 113 റണ്‍സാണ് എടുത്തത്. ശ്രയസ് അയ്യര്‍ 44(34), സൂര്യകുമാര്‍ യാദവ് 8(6) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഗില്ലിനൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ 6(8) പുറത്താകാതെ നിന്നു.


വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ വിന്‍ഡീസിനെ രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് ഞെട്ടിച്ചു. റണ്‍സ് എടുക്കുന്നതിന് മുന്‍പ് കൈല്‍ മേയേഴ്‌സ് 0(1), ഷമാറ ബ്രൂക്‌സ് 0(2) എന്നിവരെ പുറത്താക്കി രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്.പിന്നീട് ക്രീസില്‍ ഒരുമിച്ച ബ്രാന്‍ഡണ്‍ കിംഗ് 42(37), ഷായ് ഹോപ്പ് 22(33) എന്നിവര്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയെങ്കിലും സ്‌കോര്‍ 47ല്‍ നില്‍ക്കെ ചാഹലിന്റെ പന്തില്‍ സഞ്ജു സ്റ്റംപ് ചെയ്ത് ഹോപ്പിനെ മടക്കി.

 

അക്‌സര്‍ പട്ടേല്‍ കിങ്ങിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ വിന്‍ഡീസിന്റെ അടി തെറ്റുന്ന കാഴ്ചയാണുണ്ടായത്. ക്യാപ്റ്റന്‍ നിക്കോളാസ് പൂരാന്‍ 42(32) മാത്രമാണ് പിന്നീട് പിടിച്ച് നിന്ന ഏക ബാറ്റ്‌സ്മാന്‍.

 

 

OTHER SECTIONS