വെസ്റ്റിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

By Web Desk.08 08 2022

imran-azhar

 

ഫ്ളോറിഡ: അഞ്ചാം ട്വന്റി 20-യില്‍ വെസ്റ്റിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി.

 

ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് ഓള്‍ഔട്ടായി. 10 വിക്കറ്റും പങ്കുവെച്ച ഇന്ത്യന്‍ സ്പിന്നര്‍മാരാണ് വിന്‍ഡീസിനെ തകര്‍ത്തത്. അക്ഷര്‍ മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. 2.4 ഓവര്‍ മാത്രമെറിഞ്ഞ രവി ബിഷ്ണോയ് 16 റണ്‍സിന് നാലു പേരെ പുറത്താക്കി.

 

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 188 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 40 പന്തുകള്‍ നേരിട്ട ശ്രേയസ് രണ്ട് സിക്സും എട്ട് ഫോറുമടക്കം 64 റണ്‍സെടുത്തു. 25 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 38 റണ്‍സെടുത്ത ദീപക് ഹൂഡയും ടീമിനായി തിളങ്ങി.

 

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിച്ച ഹാര്‍ദിക് പാണ്ഡ്യ 16 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 28 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ (11), സഞ്ജു സാംസണ്‍ (15), ദിനേഷ് കാര്‍ത്തിക്ക് (12) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

 

 

 

OTHER SECTIONS