ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 145 ന് പുറത്ത്; റൂട്ടും റീച്ചും തിളങ്ങി

By Web Desk.25 02 2021

imran-azhar

 

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 145 റണ്‍സിന് പുറത്തായി.

 

ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 112 റണ്‍സ് മറികടക്കാനായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വെറും 33 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.

 

ഇംഗ്ലണ്ട് ബൗളര്‍മാരാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ഇംഗ്ലണ്ടിനായി ജോ റൂട്ട് അഞ്ചുവിക്കറ്റ് വീഴ്ത്തി. ജാക്ക് ലീച്ച് നാലു വിക്കറ്റുകള് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് ആര്‍ച്ചര്‍ വീഴ്ത്തി.

 

99 ന് മൂന്ന് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ദിനം ഇന്ത്യയ്ക്ക് ശുഭ്മാന് ഗില്‍, വിരാട് കോലി, ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

 

സ്‌കോര്‍ 114 ല്‍ നില്‍ക്കേ രഹാനെയെ പുറത്താക്കി ഇംഗ്ലണ്ട് രണ്ടാം ദിനത്തിലെ ആദ്യ വിക്കറ്റ് വീഴ്ത്തി. തൊട്ടുപിന്നാലെ രോഹിത്തിനെയും ലീച്ച് പുറത്താക്കി.

 

96 പന്തുകളില്‍ നിന്നും 11 ബൗണ്ടറികളുടെ അകമ്പടിയോടെ 66 റണ്‍സ് നേടിയശേഷമാണ് രോഹിത് ക്രീസ് വിട്ടത്.പിന്നാലെയെത്തിയ ഋഷഭ് പന്തിനും അധികം പിടിച്ചു നില്ക്കാനായില്ല. മത്സരത്തില്‍ ആദ്യമായി പന്തെറിയാനെത്തിയ ജോ റൂട്ട് ആദ്യ ബോളില്‍ തന്നെ പന്തിനെ (1) മടക്കി. പന്തിന്റെ ബാറ്റിലുരസിയ ബോള്‍ വിക്കറ്റ് കീപ്പര്‍ ഫോക്‌സ് കൈയിലൊതുക്കി.

 

45-ാം ഓവറിലെ ആദ്യ പന്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ (0) ക്ലീന്‍ ബൗള്‍ഡാക്കിയ റൂട്ട് മൂന്നാം പന്തില്‍ അക്ഷര്‍ പട്ടേലിനെയും (0) പുറത്താക്കി. ഇതോടെ ഇന്ത്യ 125 ന് എട്ട് എന്ന ദയനീയമായ നിലയിലെത്തി.പിന്നീട് ക്രീസിലെത്തിയ അശ്വിന് ഒറ്റയാള്‍ പോരാട്ടത്തിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 134 ല്‍ നില്‍ക്കേ 17 റണ്‍സെടുത്ത അശ്വിനെ പുറത്താക്കി റൂട്ട് മത്സരത്തിലെ നാലാം വിക്കറ്റ് വീഴ്ത്തി. ഇതോടെ ഇന്ത്യ 134 ന് 9 എന്ന നിലയിലേക്ക് വീണു.

 

പിന്നാലെയെത്തിയ ബുംറയെ കൂട്ടുപിടിച്ച് ഇഷാന്ത് റണ്‍സ് നേടാന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 145 ല്‍ എത്തിച്ചു.

 

എന്നാല്‍, ഒരു റണ്‍സെടുത്ത ബുംറയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജോ റൂട്ട് മത്സരത്തിലെ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു.

 

 

 

OTHER SECTIONS