രണ്ടുംകൽപ്പിച്ച് കങ്കാരുപ്പട, വിരണ്ടോടിയ ഇന്ത്യക്ക് തോൽവിയും പരമ്പര നഷ്ടവും

By Sooraj Surendran.13 03 2019

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ടി ട്വന്റി പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തം. അഞ്ചാം ഏകദിനത്തിൽ ഇന്ത്യയെ 35 റൺസിന് പരാജയപ്പെടുത്തിയാണ് കങ്കാരുപ്പട പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഓപ്പണിങ് വിക്കറ്റിൽ ഓസീസ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഉസ്മാൻ ഖവാജ സെഞ്ചുറി (100) നേടി. പീറ്റർ ഹാൻഡ്‌സ്‌കോംബ് 52 റൺസും നേടി. ഇന്നിങ്സിന്റെ ആരംഭത്തിൽ തന്നെ ഇന്ത്യൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കാൻ ഓസീസിന് സാധിച്ചുവെങ്കിലും അവസരം മുതലാക്കാൻ ഓസീസിന് കഴിഞ്ഞില്ല. സ്‌കോർ 300ന് മുകളിൽ കടക്കുമെന്ന് കരുതിയെങ്കിലും ഇന്ത്യൻ ബൗളർമാർ ഓസീസ് ബാറ്റിംഗ് നിരയെ പിടിച്ച് കെട്ടുകയായിരുന്നു. 106 പന്തിൽ നിന്നും 10 ബൗണ്ടറിയും 2 സിക്‌സറും അടക്കമാണ് ഖവാജ സെഞ്ചുറി നേടിയത്. 60 പന്തിൽ നിന്നും 4 ബൗണ്ടറിയുമായാണ് ഹാൻഡ്‌സ്‌കോംബ് അർധസെഞ്ചുറി നേടിയത്. അതേസമയം സ്റ്റോയ്‌നിസും, ടെർണറും 20 റൺസ് വീതം നേടിയപ്പോൾ റിച്ചാർഡ്സൺ 29 റൺസും, കമ്മിൻസ് 15 റൺസും നേടി. ബൗളിങ്ങിൽ ഇന്ത്യക്കായി ഭുവനേശ്വർ കുമാർ 3 വിക്കറ്റുകൾ നേടി. മുഹമ്മദ് ഷാമിയും, രവീന്ദ്ര ജഡേജയും 2 വിക്കറ്റ് വീതം നേടി. കുൽദീപ് യാദവിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് അഞ്ചാം ഓവറിന്റെ രണ്ടാം പന്തിൽ ധവാനെ നഷ്ടമായി. ധവാൻ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്‌കോർ 15-1 എന്ന നിലയിലായിരുന്നു. ക്യാപ്റ്റൻ വിരാട് കോലിയടക്കമുള്ള താരങ്ങൾ ശരാശരിയിലും താഴ്ന്ന പ്രകടനമാണ് കച്ചവെച്ചത്. ഓപ്പണർ രോഹിത് ശർമ്മ 56 റൺസ് നേടി. മധ്യനിര തകർന്നപ്പോൾ വാലറ്റം രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. കേദാർ ജാദവും (44), ഭുവനേശ്വർ കുമാറും (46) ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചെങ്കിലും അടുത്തടുത്ത പന്തുകളിൽ ഇരുവരും പുറത്തായതോടെ ഇന്ത്യയുടെ വിജയ സാദ്ധ്യതകൾ മങ്ങി. ഓസീസ് നിരയിൽ ആദം സാംബ 3 വിക്കറ്റ് നേടി, കമ്മിൻസ്, സ്റ്റോയ്‌നിസ്, റിച്ചാർഡ്സൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

OTHER SECTIONS