By Anju N P.19 09 2018
ദുബായ്: ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്താന് ക്രിക്കറ്റ് മത്സരം ഇന്ന്. വൈകീട്ട് അഞ്ചിന് ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടുക .
പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും പാക് പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാനും കളി കാണാന്‍ ദുബായിലെത്തും. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ യു.എ.ഇ. സമയം മൂന്നരമണിക്കാണ് (ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിന്) ഏഷ്യ കപ്പിലെ ഈ ആവേശപ്പോരാട്ടം.
1984-ലെ ആദ്യ ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ ആദ്യ കിരീടനേട്ടം. പിന്നീടങ്ങോട്ട് അഞ്ചുവട്ടംകൂടി ഇന്ത്യ ചാമ്പ്യന്‍ പട്ടം നേടി ഏഷ്യ കപ്പിലെ ഏറ്റവുമധികം കിരീടം ചൂടുന്ന ടീമെന്ന റെക്കോഡും സ്വന്തമാക്കി. ഏഷ്യ കപ്പില്‍ ഇതുവരെ 12 തവണ ഇരു ടീമുകളും മുഖാമുഖം വന്നു, ഇതില്‍ ആറെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ പാകിസ്താനൊപ്പം അഞ്ച് വിജയമുണ്ട്. ഒരു മത്സരം മഴമൂലം മുടങ്ങി.
കഴിഞ്ഞവര്‍ഷം ഓവലില്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിനു തകര്‍ത്തശേഷം ഇരുടീമുകളും മുഖാമുഖം എത്തുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം ചില മാറ്റങ്ങളുമായാകും ഇന്ത്യ ഇറങ്ങുക. ജസ്പ്രീത് ബുംറയും ലോകേഷ് രാഹുലും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തിയേക്കും. ഓള്‍റൌണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പാകിസ്താനെതിരെ ടീമിലെത്തിയേക്കും.