By സൂരജ് സുരേന്ദ്രൻ .21 02 2021
മുംബൈ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി യുവതാരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ഇത്തവണ ടീമിൽ നിന്നും തഴഞ്ഞു.
ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ഋഷഭ് പന്തിനെയാണ് പകരം ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൂര്യകുമാർ യാദവ്, രാജസ്ഥാൻ റോയൽസിലൂടെ ശ്രദ്ധേയനായ രാഹുൽ തെവാത്തിയ എന്നിവർക്കും ഇത്തവണ ദേശീയ ടീമിൽ ഇടം ലഭിച്ചിരിക്കുകയാണ്.
അതേസമയം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെതിരെ ഭിന്നാഭിപ്രായങ്ങളാണ് ഉയരുന്നത്.
സഞ്ജുവിന് മികവ് തെളിയിക്കാൻ ടീമിൽ വേണ്ടത്ര അവസരം നൽകുന്നില്ല എന്നാണ് ആരാധകരുടെ പരാതി. സഞ്ജു സാംസണിനു പുറമെ പരുക്കുള്ള മനീഷ് പാണ്ഡെ, ഓപ്പണർ മായങ്ക് അഗർവാൾ തുടങ്ങിയവരും ടീമിനു പുറത്തായി.
ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. അതേസമയം ഭുവനേശ്വർ കുമാർ നീണ്ട നാളത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്.
ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, സൂര്യകുമാര്‍ യാദവ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), യുസ്വേന്ദ്ര ചെഹൽ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, രാഹുൽ തെവാത്തിയ, ടി.നടരാജൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, നവ്ദീപ് സെയ്നി, ഷാർദുൽ താക്കൂർ