By Web Desk.29 06 2022
മാലഹൈഡ് (അയര്‍ലന്‍ഡ്): അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഈ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി.
ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അയര്‍ലന്‍ഡ് വിജയപ്രതീക്ഷ അവസാന പന്തില്‍ വരെ നിലനിര്‍ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു.
ഇന്ത്യന്‍ ജേഴ്സിയില്‍ കന്നി സെഞ്ചുറി നേടിയ ദീപക് ഹൂഡയുടെയും കന്നി അര്‍ധ സെഞ്ചുറി നേടിയ സഞ്ജു സാംസന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്.
42 പന്തുകള്‍ നേരിട്ട സഞ്ജു നാല് സിക്സും ഒമ്പത് ഫോറുമടക്കം 77 റണ്‍സടിച്ച ശേഷമാണ് പുറത്തായത്. ആവേശത്തോടെയാണ് ഗാലറി സഞ്ജുവിനെ വരവേറ്റത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇഷാന് കിഷനെ നഷ്ടമായി. അഞ്ചു പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്ത താരത്തെ മാര്‍ക്ക് അഡയര്‍ പുറത്താക്കുകയായിരുന്നു.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം ദീപക് ഹൂഡയെത്തിയതോടെ ഇന്ത്യ ഐറിഷ് ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചു.