കാത്തിരിക്കുന്നത് 5 മത്സരങ്ങള്‍

By Online Desk .22 06 2019

imran-azhar

 

 

നാലാം നമ്പറില്‍ ആര്

 

ധവാന് പരിക്കേറ്റതോടെ ഒരിക്കല്‍ കൂടി നാലാം നമ്പര്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യ ഈ സ്ഥാനത്ത് നിരവധി പരീക്ഷണങ്ങള്‍ ലോകകപ്പില്‍ നടത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരെ ലോകേഷ് രാഹുല്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തപ്പോള്‍ നാലാം സ്ഥാനത്ത് ഹര്‍ദിക് പാണ്ഡ്യയാണ് എത്തിയത്. ഓസ്ട്രേലിയക്കെതിരെയും ഇതേ രീതിയായിരുന്നു. പാകിസ്ഥാനെതിരെ കളി തീരാന്‍ 11 ഓവര്‍ കൂടി ബാക്കിയുണ്ടായിരുന്നു അപ്പോള്‍. വിജയ് ശങ്കര്‍ അഞ്ചാം സ്ഥാനത്താണ് ഇറങ്ങിയത്. വിജയ് നാലാം സ്ഥാനത്ത് കളിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അവിടെയും അവസാന നിമിഷം സസ്പെന്‍സിലേക്ക് കാര്യങ്ങള്‍ പോകുകയായിരുന്നു.


നാല് പേര്‍ക്ക് ഉറപ്പില്ല

 

ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്ന് ഉറപ്പില്ലാത്തത് നാല് പേര്‍ക്കാണ്. അഞ്ച് മത്സരങ്ങളാണ് ഇന്ത്യക്ക് ഇനി ബക്കിയുള്ളത്. ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത്, രാഹുല്‍, വിജയ് ശങ്കര്‍ എന്നിവര്‍ തുടര്‍ച്ചയായി കളിക്കുമെന്ന് ഉറപ്പില്ലാത്തവരാണ്. ഇതില്‍ ഏത് താരം തിളങ്ങിയാലും ബാക്കിയുള്ളവര്‍ പുറത്തിരിക്കേണ്ടി വരും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രാഹുലാണ് നാലാം സ്ഥാനത്ത് കളിച്ചത്. 37 ഓവറുകള്‍ ബാക്കിയുള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തിയത്. ഇന്ത്യ സമ്മര്‍ദത്തിലാവുന്ന ഘട്ടത്തിലാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവാറുള്ളത്. രാഹുലിന് ഓപ്പണിംഗിലും സ്ഥിരമായി തുടരാന്‍ പറ്റുമോ എന്ന് ഉറപ്പില്ല.

 

മാറ്റങ്ങള്‍ ഇങ്ങനെ

 

ഓപ്പണിംഗില്‍ രാഹുല്‍ പരാജയപ്പെട്ടാല്‍ ഇന്ത്യ അടുത്ത മത്സരത്തില്‍ ഋഷഭ് പന്തിനെ ഓപ്പണിംഗില്‍ കൊണ്ടുവരും. ഇതോടെ ധവാന്‍ ഇല്ലാത്തത് പരിഹരിക്കാനാവും. ഇടംങ്കൈ ബാറ്റ്സ്മാനായതും പന്തിന് നേട്ടമാകും. രാഹുല്‍ അഫ്ഗാനെതിരെ പരാജയപ്പെട്ടാല്‍ ഇത് നടക്കാന്‍ സാധ്യതയുണ്ട്. അതേസമയം അങ്ങനെ വരുമ്പോള്‍ വിജയ് ശങ്കര്‍ പുറത്തിരിക്കേണ്ടി വരും. രാഹുലിനെ നാലാം നമ്പറില്‍ കളിപ്പിച്ചേക്കും. മറ്റൊരു സാധ്യത വിജയ് ശങ്കര്‍ ബാറ്റുകൊണ്ടും പന്ത് കൊണ്ടും പരാജയപ്പെടുന്നതാണ്. അങ്ങനെ വന്നാല്‍ ഇന്ത്യന്‍ മുമ്പില്‍ പന്തിനെ കളിപ്പിക്കുക എന്ന ഓപ്ഷനാണ് ഉള്ളത്.

 

കസറുമോ കാര്‍ത്തിക്

 

അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ഇംഗ്‌ളണ്ട്, ശ്രീലങ്ക, ബംഗ്‌ളാദേശ് എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒരു മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക് കളിക്കാന്‍ സാധ്യത കുറവാണ്. വിജയ് ശങ്കറും ഋഷഭ് പന്തും താരതമ്യേന ജൂനിയര്‍ താരങ്ങളാണ്. 15 ഏകദിനങ്ങളില്‍ താഴെയാണ് ഇവര്‍ കളിച്ചത്. ഇവിടെ കാര്‍ത്തിക്കിന് പരിചയസമ്പത്ത് ഗുണമാണ്. ഇംഗ്‌ളണ്ടിനെതിരെ അദ്ദേഹം കളിക്കാനും സാധ്യതയുണ്ട്. അതേസമയം മഹേന്ദ്ര സിംഗ് ധോണിയെ നാലാം നമ്പറില്‍ കളിപ്പിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്. അതുവഴി കൂടുതല്‍ നേരം ധോണിയെ ക്രീസില്‍ നില്‍ക്കാന്‍ അനുവദിക്കുക എന്നതും ടീം ഉദ്ദേശിക്കുന്നുണ്ട്.

OTHER SECTIONS