നാലാം നമ്പരിരില്‍ ഇന്ത്യക്ക് ആശങ്ക

By online desk.25 06 2019

imran-azhar

 

 

സതാംപ്ടണ്‍: ഏകദിന ലോകകപ്പിനായി ഇംഗ്‌ളണ്ടിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏറെ ചിന്തിപ്പിച്ചത് ബാറ്റിംഗ് ലൈനപ്പില്‍ നാലാം നമ്പറില്‍ ഒരു വിശ്വസ്തന്റെ അഭാവമായിരുന്നു. എന്നാല്‍, സന്നാഹ മത്സരത്തില്‍ സെഞ്ചുറിയിലൂടെ നാലാം നമ്പറായി കെ.എല്‍. രാഹുല്‍ തിളങ്ങിയതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായത് ഇന്ത്യയുടെ ബാറ്റിംഗ് പ്‌ളാനിംഗ് തകിടം മറിച്ചതോടെ ടീമിന്റെ ബാലന്‍സ് തെറ്റി. രാഹുല്‍ നാലാം നമ്പറില്‍നിന്ന് ഓപ്പണിംഗിലേക്ക് എത്തേണ്ടിവന്നു. അപ്പോള്‍ നാലാം നമ്പര്‍ പ്രശ്‌നം വീണ്ടും രൂപപ്പെട്ടു. നാലാം നമ്പറായി വിജയ് ശങ്കറെ ഇറക്കിയെങ്കിലും രണ്ട് മത്സരത്തിലും അതു ഫലം കണ്ടില്ല, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍.

 

ഇന്ത്യയുടെ ടോപ് ത്രീ നിലവില്‍ 'ടു' ആയി ചുരുങ്ങി. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരുടെ ഫോമില്‍ തുടര്‍ന്നുള്ളവര്‍ സുരക്ഷിതരായിരുന്നു. ധവാന്‍ ഇല്ലാതായതോടെ ടോപ് ത്രീ ശോഷിച്ച് ടു (കോഹ്ലി, രോഹിത്) ആയി. ഇവര്‍ രണ്ടുപേരും ഒന്നിച്ച് ഒരു ദിവസം വമ്പന്‍ ഇന്നിംഗ്‌സ് കളിക്കാന്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ അവസ്ഥ എന്താകും.


അത്തരൊമൊരു സാഹചര്യമുണ്ടായാല്‍ ഇന്ത്യ സമ്മര്‍ദത്തിന്റെ അടിത്തട്ടിലേക്ക് കൂപ്പുകുത്തുമെന്നതാണ് അഫ്ഗാനിസ്ഥാന്‍ ശനിയാഴ്ച തെളിയിച്ചത്. നാലാം നമ്പറായി വിജയ് ശങ്കറെ ഇറക്കുമ്പോള്‍ ടീം മാനേജ്‌മെന്റിന്റെ വിശദീകരണം അയാള്‍ ത്രീ ഇന്‍ വണ്‍ (ബൗളിംഗ്, ബാറ്റിംഗ്, ഫീല്‍ഡിംഗ്) ആണ് എന്നായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ നാലാം നമ്പറായെത്തിയ വിജയ് 41 പന്തില്‍ 29 റണ്‍സ് ആണ് എടുത്തത്. 15–ാം ഓവറിലാണ് വിജയ് ക്രീസിലെത്തിയത്. മുഴുനീള ഇന്നിംഗ്‌സ് കളിക്കാനുള്ള അവസരമുണ്ടായിരുന്നിട്ടും അദ്ദേഹം പരാജയപ്പെട്ടു. ഒരു ഓവര്‍ പോലും ബൗളിംഗ് ചെയ്യാന്‍ വിജയ് ശങ്കറിനെ കോഹ്ലി ഏല്‍പ്പിച്ചില്ലെന്നതും ശ്രദ്ധേയം.


ഈ സാഹചര്യത്തിലാണ് ഋഷഭ് പന്തിനെ പേ്‌ളയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്. കാരണം, സ്‌ഫോടനാത്മക ബാറ്റിംഗ് കാഴ്ചവയ്ക്കാന്‍ കഴിവുള്ള താരമാണ് പന്ത്. ഒരുപക്ഷേ പന്ത് അഫ്ഗാനെതിരായ മത്സരത്തില്‍ കളിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ മറ്റൊന്നാകുമായിരുന്നു എന്നു വാദിക്കുന്നവരുമുണ്ട്. അഫ്ഗാനെതിരായ മത്സരത്തില്‍ ആറ് ബൗളര്‍മാരുടെ (വിജയ് ഉള്‍പ്പെടെ) ആവശ്യമില്ലായിരുന്നു. അതിനാല്‍, പന്തിന് അവസരം നല്കി മധ്യനിരയുടെ കരുത്ത് വര്‍ധിപ്പിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. ഔട്ട് ഫീല്‍ഡില്‍ പന്തിനേക്കാള്‍ കേമന്‍ ദിനേശ് കാര്‍ത്തിക് ആണെന്നും അതിനാല്‍ അദ്ദേഹത്തെ പേ്‌ളയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ നാലാം നന്പര്‍ പ്രശ്‌നം തീരുമെന്നും ക്രിക്കറ്റ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.


വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്‌ളണ്ട്, ബംഗ്‌ളാദേശ്, ശ്രീലങ്ക എന്നിവയ്‌ക്കെതിരേയാണ് ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി ഏറ്റുമുട്ടേണ്ടത്. അവരവരുടെ ദിവസം ഏതു വമ്പനെയും അട്ടിമറിക്കുന്നവരാണ് ഈ നാല് ടീമും. ഇംഗ്‌ളണ്ടിനെ തോല്‍പ്പിച്ചവരാണ് ശ്രീലങ്ക. ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചതാണ് ബംഗ്‌ളാദേശ്. സെമിയിലേക്കുള്ള പാതിവഴി പിന്നിട്ട ഇന്ത്യ രവീന്ദ്ര ജഡേജയ്ക്കു അവസരം നല്കാന്‍ ശ്രമിക്കണമെന്ന അഭിപ്രായവും ഉയരുന്നു. എന്നാല്‍, അഫ്ഗാനെതിരേ കേദാര്‍ ജാദവ് നിര്‍ണായക അര്‍ധസെഞ്ചുറി നേടിയത് ജഡേജയുടെ കടന്നുവരവിനു തടയിട്ടേക്കും. ഫീല്‍ഡില്‍ മുന്‍ മത്സരങ്ങളില്‍ ജഡേജയുടെ സാന്നിധ്യം ഉണ്ടായിരുന്നു. അവസരം നല്കിയാല്‍ എക്‌സ് ഫാക്ടര്‍ ആകാനുള്ള കഴിവ് ജഡേജയ്ക്കുണ്ട്.


ഭുവനേശ്വര്‍ കുമാറിന്റെ പരിക്കിനെത്തുടര്‍ന്ന് പേ്‌ളയിംഗ് ഇലവനിലെത്തിയ മുഹമ്മദ് ഷാമി വിക്കറ്റ് വീഴ്ത്തുന്നതില്‍ തന്റെ മികവ് തെളിയിച്ചു. പരിക്ക് ഭേദമായി ഭുവനേശ്വര്‍ തിരിച്ചെത്തിയാല്‍ ഷാമി പുറത്തിരിക്കേണ്ടിവരുമോയെന്നതാണ് പ്രധാന ചോദ്യം. റണ്‍സ് വഴങ്ങില്ലെന്നതാണ് ഭുവിയെ പേ്‌ളയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ കോഹ്ലിയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ചുരുക്കത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ രണ്ട് പ്രധാന താരങ്ങളുടെ പരിക്ക് വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. അഫ്ഗാനെതിരായ മത്സരം അതിന്റെ കാഠിന്യം വര്‍ധിപ്പിക്കുകയും ചെയ്തു.

OTHER SECTIONS