ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിടൂ: കോലി

By Online Desk.08 11 2018

imran-azhar

 

 

ന്യൂഡല്‍ഹി: ഫേസ്ബുക്കിലെ കമന്റുകള്‍ വായിക്കുന്നതിനിടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടമില്ലെന്ന് കമന്റ് ചെയ്ത ആരാധകന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വക രൂക്ഷമായ മറുപടി. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങളില്‍ പോയി ജീവിക്കൂ എന്നായിരുന്നു കോലി മറുപടി നല്‍കിയത്. ഇത് പുതിയ വിവാദങ്ങളിലേക്ക് വഴിതെളിയിച്ചിരിക്കുകയാണ്. കോലിയുടെ ബാറ്റിങ്ങില്‍ ഒരു പ്രത്യേകതയുമില്ലെന്നും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരേക്കാള്‍ ഓസ്ട്രേലിയയുടേയും ഇംഗ്ലണ്ടിന്റേയും ബാറ്റ്സ്മാന്‍മാരുടെ കളിയാണ് താന്‍ ആസ്വദിക്കാറുള്ളതെന്നുമായിരുന്നു ആരാധകന്റെ കമന്റ്. 'വിരാട് കോലിക്ക് എല്ലാവരും അമിതപ്രാധാന്യം കൊടുക്കുകയാണ്. അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ ഒരു പ്രത്യേകതയുമില്ല. ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഇംഗ്ലണ്ടിന്റേയും ഓസ്ട്രേലിയയുടേയും താരങ്ങളുടെ ബാറ്റിങ്ങാണ് ഞാന്‍ ആസ്വദിക്കാറുള്ളത്' ഇതായിരുന്നു ആരാധകന്റെ കമന്റ്. എന്നാല്‍ കോലിക്ക് ഇത് അത്ര രസിച്ചില്ല. 'നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവനാണെന്ന് ഞാന്‍ കരുതുന്നില്ല, ഇന്ത്യയില്‍ നിന്ന് പോയി വേറെ എവിടേയെങ്കിലും ജീവിക്കു. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ സ്നേഹിക്കുന്നതെന്തിനാണ്? നിങ്ങള്‍ എന്നെ ഇഷടപ്പെടുന്നില്ല എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റു രാജ്യങ്ങളിലെ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.'- കോലി ആഞ്ഞടിച്ചു. താരത്തിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് നായകനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കോലിയുടെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നു. വരും ദിവസങ്ങളിലും വിവാദം കത്താനാണ് സാധ്യത.

 

OTHER SECTIONS