താരലേലത്തില്‍ താരമായത് ക്രിസ് മോറിസ്; ശിവം ദുബെ ആദ്യ ഇന്ത്യന്‍ കോടിപതി

By Rajesh Kumar.18 02 2021

imran-azhar

 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14-ാം സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 16.25 കോടി രൂപയ്ക്ക് ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

 

മോറിസിനെ കൂടെക്കൂട്ടാനുള്ള പഞ്ചാബ് കിങ്‌സിന്റെ ശ്രമത്തെ വാശിയേറില്‍ ലേലത്തില്‍ പരാജയപ്പെടുത്തിയാണ് രാജസ്ഥാന്‍ മോറിസിനെ തട്ടിയെടുത്തത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ റിലീസ് ചെയ്ത താരമാണ് മോറിസ്.

 

മുംബൈ താരം ശിവം ദുബെയാണ് ഈ വര്‍ഷത്തെ താരലേലത്തിലെ ആദ്യ ഇന്ത്യന്‍ കോടിപതി. ആര്‍സിബി റിലീസ് ചെയ്ത ദുബെയെ 4.40 കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

 

നേരത്തെ പഞ്ചാബ് കിങ്‌സ് റിലീസ് ചെയ്ത മാക്‌സ് വെല്ലിനെ 14.25 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സുമായി വാശിയേറിയ ലേലത്തിനൊടുവിലാണ് മാക്‌സ് വെല്ലിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.

 

ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ 7 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കി. ബംഗ്ലദേശ് താരം ഷാക്കിബ് അല്‍ ഹസനെ 3.20 കോടിക്ക് കൊല്‍ക്കത്തയും സ്റ്റീവ് സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും കൂടെക്കൂട്ടി.

 

അതേ സമയം വന്‍ വില പ്രതീക്ഷിച്ച ഇംഗ്ലിഷ് താരം ഡേവിഡ് മലനെ 1.50 കോടിക്കാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.

 

ഇംഗ്ലിഷ് താരങ്ങളായ ജേസണ്‍ റോയ്, അലക്‌സ് ഹെയ്ല്‍സ്, ഇന്ത്യന്‍ താരം കരുണ്‍ നായര്‍ എന്നിവരെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങിയില്ല.

 

164 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ 292 പേരാണ് മിനി ലേലത്തില്‍ പങ്കെടുക്കുന്നത്. 8 ടീമുകളിലായി പരമാവധി 61 താരങ്ങള്‍ക്കാണ് അവസരം. വിദേശതാരങ്ങളില്‍ നിന്ന് 22 പേര്‍ക്കാണ് അവസരം കിട്ടുക.

 

ലേലത്തിനു മുന്നോടിയായി എട്ടു ടീമുകളും ചേര്‍ന്ന് 139 താരങ്ങളെ നിലനിര്‍ത്തി. 57 താരങ്ങളെ റിലീസ് ചെയ്തു.

 

 

 

OTHER SECTIONS