ഐടിഎഫ് ഫ്യൂച്ചര്‍ പുരുഷ ടെന്നീസ് ടൂര്‍ണമെന്റിന് തുടക്കമായി

By Amritha AU.20 Mar, 2018

imran-azhar

 


തിരുവനന്തപുരം: ഐടിഎഫ് ഫ്യൂച്ചര്‍ പുരുഷ ടെന്നീസ് ടൂര്‍ണമെന്റിന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ തിരുവനന്തപുരം ടെന്നീസ് ക്‌ളബില്‍ തുടക്കമായി. ടൂര്‍ണമെന്റ് ദക്ഷിണവ്യോമ കമാന്‍ഡിലെ അഡ്വഞ്ചര്‍ ആന്റ് സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എയര്‍ വൈസ് മാര്‍ഷല്‍ ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, യുക്രൈന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖ കളിക്കാര്‍ പങ്കെടുക്കുന്നത്. ലോക റാങ്കിങ് നിര്‍ണയിക്കുന്ന എ.ടി.പി. പോയിന്റാണ് വിജയികള്‍ക്കു നല്‍കുന്നത്. ടൂര്‍ണമെന്റ് വിജയികള്‍ക്ക് 15,000 അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുക.സ്‌പെയിനില്‍നിന്നുള്ള ക്ലാര്യോസ് ബൊളുഡയാണ് മത്സരത്തില്‍ പങ്കെടുക്കുന്ന ടോപ് സീഡുകാരന്‍. വിയറ്റ്‌നാമില്‍നിന്നുള്ള നാം ഹുവാങ് ലൈ രണ്ടാം സീഡുകാരനാണ്. പിന്നാലെയുള്ള ഇന്ത്യന്‍ കളിക്കാരായ സിദ്ധാര്‍ഥ റാവത്, അര്‍ജുന്‍ ഖാഡെ, വിജയ് സുന്ദര്‍ എന്നിവര്‍ സീഡ് നില മെച്ചപ്പെടുത്താന്‍ കളത്തിലിറങ്ങുന്നത്.സിംഗിള്‍സില്‍ 32 കളിക്കാരും ഡബിള്‍സില്‍ 16 കളിക്കാരുമാണ് പങ്കെടുക്കുന്നത്.

റ്റി.ഡി.റ്റി.എ സെക്രട്ടറി തോമസ് ജേക്കബ്, കെ.റ്റി.എ. സെക്രട്ടറി തോമസ് പോള്‍, കെ.റ്റി.എ. പ്രസിഡന്റ് ജേക്കബ് സി. കള്ളിവയലില്‍, റ്റി.റ്റി.സി. പ്രസിഡന്റ് സതീഷ്‌കുമാര്‍, റ്റി.റ്റി.സി. സെക്രട്ടറി കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു