ടോക്യോ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റായി മലയാളി താരം കെ.ടി ഇര്‍ഫാന്‍

By anju.17 03 2019

imran-azhar


ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റായി മലയാളി താരം കെ.ടി ഇര്‍ഫാന്‍. നോമിയില്‍ നടന്ന ഏഷ്യന്‍ റേസ് വോക്കിംങ് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ 1:20.57 സമയത്തില്‍ നാലാമതെത്തിയാണ് 29 വയസ്സുകാരനായ ഇര്‍ഫാന്‍ ഒളിമ്പിക് യോഗ്യത നേടിയത്. ഒരു മണിക്കൂര്‍ 21 മിനുറ്റായിരുന്നു ടോക്യോ ഒളിംപിക്സിന്റെ 20 കി.മീ നടത്തത്തിന്റെ യോഗ്യതാ മാര്‍ക്ക്.

 

ജനുവരി ഒന്നു മുതല്‍ നടത്ത മത്സരങ്ങള്‍ക്കുള്ള ക്വാളിഫയിങ് മത്സരങ്ങള്‍ ആരംഭിച്ചിരുന്നു. 2020 മെയ് 31 വരെയാണ് ഈയിനങ്ങളുടെ കാലാവധി അവസാനിക്കുക. മറ്റ് അത്ലറ്റിക് ഇനങ്ങളില്‍ ഒളിംപിക് യോഗ്യത നേടാനുള്ള സമയം വരുന്ന മെയ് ഒന്ന് മുതല്‍ 2020 ജൂണ്‍ 29 വരെയാണ്.

 

ഏഷ്യന്‍ റേസ് വോക്കിംങ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തോടെ ഈ വര്‍ഷം ദോഹയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്കും 20 കി.മീ നടത്തത്തില്‍ ഇര്‍ഫാന്‍ യോഗ്യത നേടി. ദേവീന്ദര്‍(1:21.22) ഗണപതി എന്നീ (1:22.12) ഇന്ത്യന്‍ നടത്തക്കാരും ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്.

 

റേസ് വോക്കിംങ് ചാമ്പ്യന്‍ഷിപ്പില്‍ 20 കി.മീ നടത്ത വിഭാഗത്തില്‍ ജപ്പാന്റെ ടൊഷികാസു യമനിഷിയാണ് സ്വര്‍ണ്ണം നേടിയത്. ഒരു മണിക്കൂര്‍ 17 മിനുറ്റ് 15 സെക്കന്റിലായിരുന്നു ജപ്പാന്‍ താരം ഫിനിഷ് ചെയ്തത്. കസാഖിസ്ഥാന്റെ ജോര്‍ജി ഷെയ്കോ(1:20.21) കൊറിയയുടെ ബെയോങ്ക്വാങ് ചോ(1:20.40) എന്നിവര്‍ക്കാണ് വെള്ളിയും വെങ്കലവും.

 

നിലവിലെ നടത്തത്തിലെ ദേശീയ റെക്കോഡ് ഇര്‍ഫാന്റെ പേരിലാണ്. 2012 ഒളിംപിക്സിലായിരുന്നു കെ.ടി ഇര്‍ഫാന്റെ ഈയിനത്തിലെ ഏറ്റവും മികച്ച പ്രകടനം. അന്ന് ലണ്ടനില്‍ 1:20:21 എന്ന സമയമെടുത്താണ് ഇര്‍ഫാന്‍ പത്താമതായി ഫിനിഷ് ചെയ്തത്.

OTHER SECTIONS