കാര്യവട്ടം ടി20; ദക്ഷിണാഫ്രിക്കന്‍ ടീം തലസ്ഥാനത്തെത്തി

By web desk .25 09 2022

imran-azhar

 

തിരുവനന്തപുരം: ഈ മാസം 28 ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീം തലസ്ഥാനത്തെത്തി .അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.10നാണ് ടീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. 26 ന് വൈകുന്നേരം 4.30ന് ഇന്ത്യന്‍ ടീം തിരുവനന്തപുരത്തെത്തും.

 

ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് തന്നെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ പരിശീലനത്തിനിറങ്ങും. 25നും 26നും വൈകുന്നേരം 5 മണി മുതല്‍ 8 വരെയും മത്സരത്തിന്റെ തലേദിവസമായ 27ന് ഉച്ചയ്ക്ക് 1 മുതല്‍ 4 വരെയുമാണ് ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനം നടത്തുക. 27ന് വൈകുന്നേരം അഞ്ച് മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും ഗ്രീന്‍ഫീല്‍ഡില്‍ പരിശീനം നടത്തും.

 

മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും തിരുവനന്തപുരം സ്വദേശിയുമായ കെ.എന്‍. അനന്തപത്മനാഭനും നിതിന്‍ മേനോനുമാണ് മത്സരം നിയന്ത്രിക്കുന്നത്. ജെ.ആര്‍.മദനഗോപാലാണ് ടിവി അംപയര്‍. വീരേന്ദര്‍ ശര്‍മ്മ ഫോര്‍ത്ത് അംപയറാകും. ജവഗല്‍ ശ്രീനാഥാണ് മാച്ച് റഫറി. സാമുവല്‍ ഹോപ്കിന്‍സും ആല്‍ഫി ഡെല്ലറുമാണ് ഡിആര്‍എസ് ടെക്നിഷ്യന്മാര്‍.


ഇതുവരെ മത്സരത്തിന്റെ 65 ശതമാനം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന.അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക് 1500 രൂപയാണ്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണം ഉള്‍പ്പടെ 6000 രൂപയുമാണ് നിരക്ക്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കൂടി കാണിക്കണം.

 

ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് 3 ടിക്കറ്റുകള്‍ വീതം എടുക്കാവുന്നതാണ്. ഇങ്ങനെ എടുക്കുന്ന മൂന്ന് ടിക്കറ്റിലും ടിക്കറ്റ് എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐഡി കാണിച്ച് മറ്റുള്ളവര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാവുന്നതാണ്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider.in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.

 

 

OTHER SECTIONS