ബ്ലാസ്റ്റേഴ്‌സിന്റെ ബൂട്ടിനടിയിലെ മണ്ണൊലിക്കുന്നു

By Vinod S.P.23 12 2019

imran-azhar

 

 

കൊല്‍ക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയുമൊക്കെ വിറപ്പിച്ച, രാജ്യത്തിന് നിരവധി പ്രതിഭകളെ സമ്മാനിച്ച കേരള പൊലീസിന്റെ വീരഗാഥകള്‍ ഇന്നും മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ മനസിലെ ജ്വലിക്കുന്ന ഓര്‍മകളാണ്. പിന്നീട് കേരള പൊലീസ് ഫുട്‌ബോളിന്റെ പിന്നാമ്പുറങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. അപ്പോളോ ടയേഴ്‌സും എസ്ബിടിയും ടൈറ്റാനിയവും കെഎസ്ഇബിയും നമുക്ക് തന്ന സന്തോഷം ചില്ലറയല്ല. അവയും പതിയെ വിസ്മൃതിയിലേക്കു പോയി. രാജ്യത്ത തന്നെ ആദ്യ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്‌സി കൊച്ചിന്റെ പിറവി തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ കേരള ഫുട്‌ബോളിന് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. എന്നാല്‍ എഫ്‌സി കൊച്ചിനും അധികം ആയുസുണ്ടായില്ല. 2014ല്‍ ഐഎസ്എല്‍ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) കാഹളം ഉയര്‍ന്നപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് നമ്മുടെ ടീമായി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ ബ്ലാസ്റ്റേഴ്‌സിന്റെ പതാക വാഹകരായെത്തി. ഐഎസ്എല്ലിന്റെ ആദ്യ സീസണുകളില്‍ മിന്നിയ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മുന്‍ഗാമികളായ കേരള ക്ലബ്ബുകളുടെ വിധിയെ അഭിമുഖിക്കേണ്ടിവരുമോ. ഐഎസ്എല്‍ സീസണില്‍ ഇതുവരെയുള്ള പ്രകടനവും കളിക്കണക്കുകളും നോക്കുമ്പോള്‍ അങ്ങനെ കരുതേണ്ടിവരും. ബ്ലാസ്റ്റേഴ്‌സിന്റെ ബൂട്ടിനടിയിലെ മണ്ണു ചോരുകയാണ്. അകാലത്തില്‍ പൊലിയാനാണോ മഞ്ഞപ്പടയുടേയും വിധി.


നല്ല തുടക്കം തുലച്ചവര്‍


ഉദ്ഘാടന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ കൊല്‍ക്കത്തയെ ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയപ്പോള്‍ ഇക്കുറി എല്ലാം ശരിയായ വഴിക്കാണെന്ന് തോന്നി. എന്നാല്‍ പിന്നീടങ്ങോട്ട് ബ്ലാസ്റ്റേഴ്‌സിന്റെ താളം നഷ്ടപ്പെട്ടു. എട്ടു മത്സരങ്ങളില്‍ ഒന്നില്‍പ്പോലും ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായില്ല. നാലു മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ്‌നാലെണ്ണത്തില്‍ സമനിലയുമായി തടിതപ്പി. പല കളികളിലും അവസാന നിമിഷങ്ങളില്‍ വഴങ്ങിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശയിലേക്ക് തള്ളിയിട്ടു. പ്രതിരോധത്തിലെ വിള്ളലുകളാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന പ്രധാന പ്രശ്‌നം. സന്ദേശ് ജിങ്കന്‍, ജിയാനി സുയ്‌വര്‍ലൂണ്‍, ജൈറോ റോഡ്രിഗസ് എന്നിവരയെല്ലാം പരിക്കിന്റെ ഭൂതം വേട്ടയാടി. മുംബൈക്കാരന്‍ രാജു ഗെയ്ക്‌വാദിനെയും മാസിഡോണിയന്‍ ഡിഫന്‍ഡര്‍ വ്‌ളാട്ട്‌കോ ഡ്രോബറോവിനെയുമൊക്കെ പാളയത്തിലെത്തിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ നിലവാരമുയര്‍ന്നില്ല. പതിമൂന്ന് ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ വഴങ്ങിയത്.


ക്ലീന്‍ ഷീറ്റ് ഒരു മത്സരത്തില്‍ മാത്രം.


ഗോളിനായി നായകന്‍ ബാര്‍ത്തലോമെ ഒഗ്ബച്ചെയെയും മെസി ബൗളിയെയും ബ്ലാസ്‌റ്റേഴ്‌സ് അമിതമായി ആശ്രയിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് നേടിയ ഒമ്പതു ഗോളുകളില്‍ ഏഴും ഇരുവരുടെയും സംഭാവന. മെസി ബൗളി നാലു വട്ടവും ഒഗ്ബച്ചെ മൂന്നുവട്ടവും സ്‌കോര്‍ ചെയ്തു. ഒഗ്ബച്ചെ ഇടയ്ക്കു നിറംമങ്ങിയതും പരിക്കിന്റെ പിടിയിലായതും ബ്ലാസ്റ്റേഴ്‌സിന് കൂനിന്‍മേല്‍ കുരുവാകുകയും ചെയ്തു. കോച്ച് എല്‍കോ ഷട്ടോരിക്ക് നാളിതുവരെ കൃത്യമായൊരു ഫോര്‍മേഷനില്‍ എത്തിച്ചേരാനായിട്ടില്ല. തന്ത്രങ്ങളിലെ പിഴവുകള്‍ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് നല്ല ഫലം തട്ടിത്തെറിപ്പിക്കുന്നു. ഇക്കുറി കൊച്ചിയിലെ ഹോം മത്സരങ്ങളില്‍ 4-2-3-1, 4-3-3, 4-5-1, 4-4-2, 4-5-1 എന്നിങ്ങനെയുള്ള ശൈലികളാണ് ഷറ്റോരി പ്രയോഗിച്ചത്. സഹല്‍ അബ്ദുള്‍ സമദിനെപ്പോലൊരു പ്രതിഭയെ മിഡ്ഫീല്‍ഡില്‍ വേണ്ടവിധം പ്രയോജനപ്പെടുത്താനും ഷറ്റോരിക്ക് സാധിക്കുന്നില്ല. തന്റെ ശൈലിയോട് ഇണങ്ങുന്നതുവരെ സഹല്‍ കരയ്ക്കിരിക്കട്ടയെന്നു പറഞ്ഞ ഷറ്റോരി ആദ്യ മത്സരങ്ങളില്‍ ഫസ്റ്റ് ഇലവനില്‍ താരത്തെ കളിപ്പിച്ചിരുന്നില്ല. ഒമ്പതു കളികളായിട്ടും ടീമിന് ഒത്തിണക്കം ലഭിക്കാത്തത് കോച്ചിന്റെ പിടിപ്പുകേടായേ വിലയിരുത്താന്‍ സാധിക്കുകയുള്ളു.


കൊച്ചിയിലെ കാണികളും ബ്ലാസ്റ്റേഴ്‌സിനെ കൈവിട്ട മട്ടാണ്. കൊല്‍ക്കത്തയുമായുള്ള ആദ്യ മത്സരം കാണാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ ഗാലറിയില്‍ 36,298 പേര്‍ തിങ്ങിനിറഞ്ഞപ്പോള്‍ പിന്നീട് കാണികളുടെ എണ്ണം താണു. 28,445, 20,107, 21,157 അങ്ങനെ പോയി തുടര്‍ന്നുള്ള നാലു മത്സരങ്ങളിലെ ഗാലറി കണക്ക്. അവസാന ഹോം മത്സരത്തില്‍ 12,772 എന്നതിലേക്ക് കാഴ്ച്ചക്കാരുടെ എണ്ണം കൂപ്പുകുത്തി. മറുവശത്ത് സ്വന്തം നാട്ടിലെ വൈരികളായ ഗോകുലം കേരള എഫ്‌സി ഐ ലീഗിലും മറ്റു ടൂര്‍ണമെന്റുകളിലും കളം നിറയുന്നതും ബ്ലാസ്റ്റേഴ്‌സിന് സമ്മര്‍ദ്ദമാകുന്നു. കേരളത്തിലെ ഒന്നാം നമ്പര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥാനം ഗോകുലം കവര്‍ന്നാല്‍ അതിശയിക്കേണ്ട.ഇനി ഒമ്പതു മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നുണ്ട്. അവയില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് നിലനില്‍പ്പുള്ളൂ. കൊച്ചി സ്റ്റേഡിയം പരിപാലനം, വാടക എന്നിവയെ സംബന്ധിച്ച് ജിസിഡിഎ (ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി) യുമായുള്ള തര്‍ക്കങ്ങളുടെ നിഴല്‍ പിന്തുടരുന്നതിനൊപ്പം ടീമിന്റെ മോശം പ്രകടനവും കാണികളുടെ കൊഴിഞ്ഞുപോക്കും ഐഎസ്എല്ലില്‍ കേരളത്തിന്റെ പ്രതിനിധിയെ നഷ്ടപ്പെടുത്തുമോയെന്ന ആശങ്ക അസ്ഥാനത്തല്ല. ഫ്രാഞ്ചൈസിയെ രാജ്യത്തെ മറ്റെതെങ്കിലും നഗരത്തില്‍ പറിച്ചുനടാന്‍ ഉടമകള്‍ തീരുമാനിച്ചാല്‍ കേരള ഫുട്ബാളിന് അതു കനത്ത നഷ്ടമുണ്ടാക്കുമെന്നതില്‍ സംശയമില്ല.

OTHER SECTIONS