കേരള സര്‍വകലാശാല അത്ലറ്റിക് മീറ്റ്: ചാമ്പ്യന്‍മാരായി ചെമ്പഴന്തി എസ്എന്‍ കോളജ്

By online desk.10 11 2018

imran-azhar

 

 

തിരുവനന്തപുരം: കേരള സര്‍വകലാശാല ഇന്റര്‍ കൊളീജിയേറ്റ് അത്ലറ്റിക് മീറ്റിന് തിരശ്ശീല വീണപ്പോള്‍, മുന്‍വര്‍ഷത്തെ ചാമ്പ്യ•ാരായ സെന്റ് ജോണ്‍സ് കോളജ് അഞ്ചലിനെ പിന്നിലാക്കി എസ് എന്‍ കോളജ് ചെമ്പഴന്തി ചാമ്പ്യന്‍മാരായി. 12 സ്വര്‍ണവും ഏഴു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 97 പോയിന്റ് നേടിയാണ് എസ് എന്‍ കോളജ് ചെമ്പഴന്തിയുടെ മുന്നേറ്റം. ഏഴു സ്വര്‍ണവും ഒന്‍പത് വെള്ളിയും മൂന്നു വെങ്കലവും സ്വന്തമാക്കി 69 പോയിന്റൊടെ സെന്റ് ജോണ്‍സ് കോളജ് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം വരെ സെന്റ് ജോണ്‍സ് കോളജ് ആയിരുന്നു മുന്നില്‍. 39 പോയിന്റ് നേടിയ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജാണ് തൊട്ടുപിന്നില്‍. മാര്‍ ഇവാനിയോസ് കോളജിന് നാലു സ്വര്‍ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവും ലഭിച്ചു. 32 പോയിന്റൊടെ എല്‍എന്‍സിപി കാര്യവട്ടം നാലാം സ്ഥാനത്തുണ്ട്. 28 പോയിന്റ് ലഭിച്ച സെന്റ് സേവ്യേഴ്സ് കോളജ് തുമ്പയാണ് അഞ്ചാം സ്ഥാനത്ത്.


ഇന്നലെ രണ്ടു മീറ്റ് റെക്കോഡുകളാണ് പിറന്നത്. പോള്‍ വാള്‍ട്ടില്‍ ചെമ്പഴന്തി എസ് എന്‍ കോളജിലെ അഞ്ജലി ഫ്രാന്‍സിസും (3.20 മീറ്റര്‍), 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചെമ്പഴന്തി എസ് എന്‍ കോളജിലെ തന്നെ മുഹമ്മദ് ഫൈസുമാണ് (14.51 സെക്കന്റ്) മുന്‍ റെക്കോഡുകള്‍ തിരുത്തിയത്. 3.15 മീറ്റര്‍ എന്ന സ്വന്തം റെക്കോര്‍ഡ് തന്നെയാണ് അഞ്ജലി തിരുത്തിയത്. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലെ പോള്‍ ജോസഫിന്റെ 2013 ലെ റെക്കോഡാണ് മുഹമ്മദ് ഫൈസ് മറികടന്നത്.


പെണ്‍കുട്ടികളില്‍ മികച്ച കായികതാരമായി കൊല്ലം എന്‍ എസ് വിമന്‍സ് കോളജിലെ ശരണ്യ പി ഒയെ തിരഞ്ഞെടുത്തു. 400 മീറ്ററിലെ പ്രകടനമാണ് ശരണ്യയെ മികച്ച കായികതാരമാക്കിയത്. ശരണ്യ 56.52 സെക്കന്റ് കൊണ്ടാണ് 400 മീറ്റര്‍ മറികടന്നത്. ചെമ്പഴന്തി എസ് എന്‍ കോളജിലെ നിര്‍മ്മല്‍ സാബുവാണ് ആണ്‍കുട്ടികളിലെ മികച്ച കായികതാരം. നിര്‍മ്മല്‍ ലോംഗ് ജമ്പില്‍ 7.38 മീറ്റര്‍ ചാടിയാണ് സ്വര്‍ണം നേടിയത്. വിമന്‍സ് ചാമ്പ്യന്‍ഷിപ്പ് സെന്റ് ജോണ്‍സ് കോളജ് അഞ്ചലിനാണ്. 5 സ്വര്‍ണവും ആറു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 47 പോയിന്റ് നേടിയാണ് സെന്റ് ജോണ്‍സ് കോളജ് മുന്നിലെത്തിയത്. 47 പോയിന്റോടെ എല്‍എന്‍സിപി കാര്യവട്ടം രണ്ടാം സ്ഥാനത്തെത്തി. മെന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്‍പത് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 71 പോയിന്റ് നേടിയ ചെമ്പഴന്തി എസ് എന്‍ കോളജാണ് ഒന്നാമത്. 30 പോയിന്റോടെ മാര്‍ ഇവാനിയോസ് കോളജ് രണ്ടാം സ്ഥാനത്തുമെത്തി.

 

OTHER SECTIONS