ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ വെസ്റ്റിന്‍ഡീസിനെ നയിക്കാനൊരുങ്ങി കീറോണ്‍ പൊള്ളാര്‍ഡ്

By mathew.10 09 2019

imran-azhar

 

ജമൈക്ക: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി-20 ടീമുകളെ ഇനി കീറോണ്‍ പൊള്ളാര്‍ഡ് നയിക്കും. അതേസമയം, വെസ്റ്റിന്‍ഡീസ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ജേസണ്‍ ഹോള്‍ഡര്‍ തന്നെ തുടരും. നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളെ ജേസണ്‍ ഹോള്‍ഡറും ട്വന്റി 20 ടീമിനെ കാര്‍ലോസ് ബ്രാത്‌വെയ്റ്റുമാണ് നയിക്കുന്നത്.

ലോക ട്വന്റി 20 കിരീടം നിലനിര്‍ത്തുകയെന്നുള്ളതാണ് ക്യാപ്റ്റനെന്ന നിലയില്‍ തന്റെ പ്രഥമ പരിഗണനയെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. ഒട്ടനേകം ട്വന്റി20 ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചതിന്റെ അനുഭവപരിചയം ക്യാപ്റ്റനെന്ന നിലയില്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്ഷയെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.

ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ബഹുമതിയായി കാണുന്നതായും തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ക്യാപ്റ്റനായി അരങ്ങേറാനുള്ള കാത്തിരിപ്പിലാണ് താനെന്നും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലാകും ക്യാപ്റ്റനായുള്ള പൊള്ളാര്‍ഡിന്റെ അരങ്ങേറ്റം. ഇന്ത്യയില്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ട്വന്റി20യും ഏകദിന മത്സരങ്ങളുമാണുള്ളത്. ഇന്ത്യയ്‌ക്കെതിരായ ട്വന്റി20, ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനായി പൊള്ളാര്‍ഡ് എത്തിയിരിക്കുന്നത്.

OTHER SECTIONS