16 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയര്‍; തുടര്‍ച്ചയായ നാലു പന്തുകളില്‍ വിക്കറ്റ്; ആവേശമായി മലിംഗയുടെ യോര്‍ക്കറുകള്‍ ഇനിയില്ല

By RK.14 09 2021

imran-azhar

 


കൊളംബോ: ടെസ്റ്റിനും ഏകദിനത്തിനും പിന്നാലെ ശ്രീലങ്കന്‍ പേസ് ബൗളര്‍ ട്വന്റി-20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 16 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനു ശേഷമാണ് താരത്തിന്റെ വിരമിക്കല്‍.

 

താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കരിയറില്‍ പിന്തുണയ്ക്കുകയും അനുഗ്രഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും മുംബൈ ഇന്ത്യന്‍സിലെ സഹതാരങ്ങള്‍ക്കും നന്ദി പറയുന്നു. ഒരുപാട് അനുഭവങ്ങള്‍ സ്വന്തമാക്കാനായി. ഭാവിയില്‍ പുതിയ തലമുറയുമായി ആ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. 38 കാരനായ താരം വ്യക്തമാക്കി.

 

2011 ലാണ് ലങ്കന്‍ പേസ് ബൗളര്‍ ടെസ്റ്റിനോട് വിട പറഞ്ഞത്. 2019 ല്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ചു. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസിനെതിരേയാണ് മലിംഗ അവസാനമായി ട്വന്റി20 കളിച്ചത്.

 

മൂന്നു ഫോര്‍മാറ്റിലുമായി 546 വിക്കറ്റുകളാണ് ലങ്കന്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഏകദിനത്തില്‍ 338 വിക്കറ്റും ടെസ്റ്റില്‍ 101 വിക്കറ്റും ട്വന്റി20യില്‍ 107 വിക്കറ്റും താരം സ്വന്തമാക്കി.

 

ഏകദിനത്തില്‍ എട്ടു തവണയും ടെസ്റ്റില്‍ മൂന്നു തവണയും ട്വന്റി-20യില്‍ രണ്ടു തവണയും അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ നാല് പന്തുകളില്‍ നാല് വിക്കറ്റ് എന്ന അപൂര്‍വ്വ നേട്ടം രണ്ട് തവണയും സ്വന്തമാക്കിയിട്ടുണ്ട്.

 

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ മലിംഗയ്ക്കാണ് ട്വന്റി-20യിലും ഏറ്റവും കൂടുതല്‍ വിക്കറ്റ്.

 

 

 

 

 

 

 

 

OTHER SECTIONS