By RK.02 01 2022
പാരീസ്: സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചു. മെസ്സിയ്ക്കൊപ്പം പി.എസ്.ജിയിലെ മറ്റ് മൂന്ന് താരങ്ങള്‍ക്കും കോവിഡ് ബാധിച്ചു. മെസ്സിയെ കൂടാതെ പ്രതിരോധതാരം യുവാന്‍ ബെര്‍നാട്, ഗോള്‍കീപ്പര്‍ സെര്‍ജിയോ റിക്കോ, മിഡ്ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമസാല എന്നീ താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേരും ഐസൊലേഷനില്‍ പ്രവേശിച്ചു.
മെസ്സിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പി.എസ്.ജി അധികൃതര്‍ വ്യക്തമാക്കി. ഫ്രഞ്ച് കപ്പില്‍ വാനെസിനെതിരായ മത്സരത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതനായതോടെ മെസ്സിക്ക് ഈ മത്സരത്തില്‍ കളിക്കാനാവില്ല.
പി.എസ്.ജിയ്ക്ക് വേണ്ടി 16 മത്സരങ്ങള്‍ കളിച്ച മെസ്സി ആറുഗോളുകള്‍ നേടിയിട്ടുണ്ട്. നിലവില്‍ ലീഗ് വണ്ണില്‍ പി.എസ്.ജിയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 19 മത്സരങ്ങളില്‍ നിന്ന് 46 പോയന്റുകളുള്ള പി.എസ്.ജി രണ്ടാമതുള്ള നീസിനേക്കാള് 13 പോയന്റ് മുന്നിലാണ്.