സ്വപ്‌നം കാല്‍പ്പന്ത് കളിച്ചപ്പോള്‍

By Web Desk.19 07 2021

imran-azhar

 മെസ്സിയെന്ന നാമത്തിന് ദൈവത്തിന്റെ സമ്മാനമെന്നും അര്‍ത്ഥം പറയാം. കാലുകളില്‍ കാല്പനികതയുമായി മെസ്സി കളം നിറയുമ്പോള്‍ ആ നാമം അന്വര്‍ത്ഥമാകുകയാണ്. ഒരു ലോക കിരീടം മെസ്സിക്ക് ഇനി പ്രാപ്യമാണോ എന്നറിയില്ല. എങ്കിലും കാല്‍പന്ത് കളിയിലെ അനശ്വര നാമമായി മാറിക്കഴിഞ്ഞു, ലയണല്‍ ആന്ദ്രേസ് മെസ്സി

 


ഡോ. പ്രകാശ് ജനാര്‍ദ്ദനന്‍

 

അര്‍ജന്റീനയിലെ പരാനാനദിയുടെ പടിഞ്ഞാറെക്കരയിലെ റൊസാരിയോ പട്ടണം. അപരാഹ്നം, സായാഹ്നത്തിന് വഴിമാറുന്ന നേരം. നഗരത്തിന്റെ ഒരു കോണിലെ ചെറിയ വീടിനു മുന്നില്‍ ഒരച്ഛനും മൂന്നു മക്കളും കാല്‍പ്പന്ത് കളിക്കുകയാണ്. ഇളയകുട്ടിയായ, കൃശഗാത്രനായ ആന്ദ്രേസ് ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ്, മറ്റു മൂവരോടും. കളിയുടെ ഇടവേളയില്‍ തളര്‍ച്ചയാറ്റുമ്പോള്‍ അച്ഛന്‍ ആകാശത്തേക്ക് ചൂണ്ടിക്കാട്ടി. വട്ടമിട്ടു പറക്കുകയാണ് ഒരു പരുന്ത്. ജ്യേഷ്ഠസഹോദരന്‍മാര്‍ താല്‍പര്യരഹിതരായി അത് വീക്ഷിച്ചപ്പോള്‍, ആന്ദ്രേസ് ബാല്യകുതൂഹലം കണ്ണില്‍ നിറച്ച് നിര്‍നിമേഷനായി ആ കാഴ്ച കണ്ടുനിന്നു. ശാന്തമായി പറക്കുമ്പോഴും, പരുന്തിന്റെ നോട്ടം താഴെ ഏതോ ലക്ഷ്യത്തില്‍ തറഞ്ഞുനിന്നു. പെട്ടെന്നാണ് പരുന്ത് ചാട്ടുളി പോലെ താഴേക്കുപാഞ്ഞത്. ശക്തമായ ചിറകടിയോടെ ഉയര്‍ന്നുപൊങ്ങിയ ആ പക്ഷിയുടെ കാലില്‍ ഒരു ചെറുജീവി. ആ കാഴ്ച ബാലകന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു. ഭാവിയില്‍ കാല്‍പ്പന്തുകളിയുടെ തീവ്ര പോരാട്ടങ്ങള്‍ക്കിടയില്‍ ശാന്തനായി മൈതാനത്ത് നീങ്ങുമ്പോഴും, ശ്രദ്ധ മുഴുവനും എട്ടരയിഞ്ചില്‍ കവിഞ്ഞ വ്യാസത്തില്‍, കളിയിടത്തില്‍ പാറി നടക്കുന്ന കാറ്റുനിറഞ്ഞ പന്തിന്റെ ചലനങ്ങളിലായിരിക്കും. കാലില്‍ പന്തണയുമ്പോള്‍ പ്രചണ്ഡമാരുതനായി മാറും മെസ്സി. സാധാരണയായി കാല്‍പന്തുകളിയിലെ പ്രതിഭകള്‍ എതിര്‍കളിക്കാരെ വെട്ടിയൊഴിഞ്ഞ്, മൈതാനത്തിലെ തടസ്സമില്ലായിടങ്ങളിലേക്ക് നീങ്ങും. എന്നാല്‍, മെസ്സി പന്തുമായി എതിര്‍കളിക്കാരുടെ ഇടയിലേക്കാണ് കുതിക്കുന്നത്. ചുറ്റും വലയം ചെയ്യുന്ന കാലുകള്‍ ഗോളിയുടെ കാഴ്ച മറയ്ക്കുമ്പോള്‍, അതിനിടയിലെ പഴുതിലൂടെ പന്ത് മൈതാനത്തെ ചുംബിച്ച് വലയിലേക്ക് പായും.

 

മാറ്റത്തുടക്കം

 

മഹത്ജീവിതങ്ങള്‍ അപഗ്രഥിക്കുമ്പോള്‍ അവിടെ എല്ലായിടത്തും ഒരു മാറ്റത്തുടക്കം ദര്‍ശിക്കാനാകും. ജീവിതസരണിയില്‍, ഏതോ ഒരു സന്ധിയില്‍, എന്തോ ഒരു കാരണത്താല്‍ പെട്ടെന്നു വഴിതിരിയും. ആ മാറ്റത്തിലൂടെ അവരുടെ ഉള്ളില്‍ ആഴ്ന്നിരിക്കുന്ന പ്രതിഭ വിടര്‍ന്ന് പരിലസിക്കും.


വളര്‍ച്ചയുടെ അന്തര്‍ഗ്രന്ഥിസ്രാവത്തിന്റെ അപര്യാപ്തതയാണ് മെസ്സിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. പതിനൊന്നാം വയസ്സില്‍ ഈ അവസ്ഥ വെളിവാകുകയും, തങ്ങള്‍ക്ക് താങ്ങാനാകാത്ത ചികിത്സാ ചിലവിനെക്കുറിച്ച് ബോധ്യമാകുകയും ചെയ്തപ്പോള്‍, ഉരുക്കുകമ്പനി തൊഴിലാളിയായ അച്ഛനും ശുചീകരണത്തൊഴിലാളിയായ അമ്മയ്ക്കും ആകസ്മികമായെത്തിയ അത്യാഹിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കാനെ കഴിഞ്ഞുള്ളൂ. അര്‍ജന്റീനയിലെ വിഖ്യാത ഫുട്‌ബോള്‍ ക്ലബ്ബായ ലിവര്‍പ്ലേറ്റ് മെസ്സിയെ ടീമിലെടുക്കാന്‍ ഏറെ താല്‍പര്യപ്പെട്ടു. പക്ഷേ, ഭാരിച്ച ചികിത്സാ ചിലവ് വഹിക്കാന്‍ അവര്‍ തയാറായില്ല. അങ്ങനെയാണ് ഫുട്‌ബോള്‍ പരിശീലകന്‍ കൂടിയായ അച്ഛന്‍ മകനുമായി അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മറുകര തേടിയത്. ബാഴ്‌സലോണ ക്ലബ്ബില്‍ മാറ്ററിയാനുള്ള പരീക്ഷണത്തിന് ഹാജരായി. മെസ്സിയെന്ന പതിമൂന്നുകാരനില്‍ ഉരുവംകൊള്ളുന്ന പ്രതിഭയുടെ തിളക്കം ബാഴ്‌സലോണ പരിശീലകന്‍ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. അതിന്റെ പ്രതിഫലനമായിരുന്നു, ചികില്‍സാ ചിലവെല്ലാം ക്ലബ്ബ് വഹിക്കുമെന്ന ഉറപ്പുനല്കി, തത്സമയം തന്നെ ടിഷ്യൂ പേപ്പറില്‍ എഴുതി നലകിയ കരാര്‍. അങ്ങനെ ലയണല്‍ ആന്ദ്രേസ് മെസ്സി ബാഴ്‌സലോണ ക്ലബ്ബിന്റെ കൗമാരക്കാര്‍ക്കായുള്ള പരിശീലനക്കളരിയായ 'ലാ മാസിയയില്‍ ' അംഗമായി. മാറ്റത്തുടക്കം.

 

ഇരട്ടപൗരത്വം

 

2004 ല്‍ സ്‌പെയിനിന്റെ യുവ ദേശീയ ടീമിലേക്ക് ക്ഷണംവന്നപ്പോള്‍, പോറ്റമ്മയക്കു മുകളില്‍ പെറ്റമ്മയെ പ്രതിഷ്ഠിച്ച് ആ ക്ഷണം നിരസിച്ചു മെസ്സി. അന്ന് അമ്മനാടിനെത്തള്ളി പോറ്റു നാടിനെ വരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ, കാല്‍പന്തുകളിയുടെ വിശ്വദേവഗണത്തില്‍ പെലേക്കും, മാറഡോണയ്ക്കുമൊപ്പം, മുന്നേ തന്നെ വിരാജിക്കാമായിരുന്നു. എന്നാല്‍ മെസ്സിയിലെ രാജ്യസ്‌നേഹി പ്രഥമ പരിഗണന സ്വന്തം നാടിനു നലകി. 2005 മുതല്‍ 2015 വരെയുള്ള പതിറ്റാണ്ടില്‍ ടിക്കി ടാക്കയുമായി കാല്‍പന്തുകളിയുടെ ലോകവേദിയില്‍ നിറഞ്ഞാടുകയായിരുന്നു സ്‌പെയിന്‍. അന്ന് സ്‌പെയിന്‍ കളിക്കളത്തിലിറക്കുന്ന പതിനൊന്നു പേരില്‍ ഏഴു പേരും മെസ്സിയോടൊപ്പം ബാഴ്‌സലോണയില്‍ കളിക്കുന്ന താരങ്ങളായിരുന്നു.

 

അന്താരാഷ്ട്ര വേദിയില്‍

 

2005 ല്‍ യുവതയുടെ ലോകകപ്പില്‍ അര്‍ജന്റീനക്ക് കപ്പ് നേടിക്കൊടുത്തുകൊണ്ടാണ് മെസ്സി ലോക വേദിയില്‍ തന്റെ വരവറിയിച്ചത്. കലാശക്കളിയില്‍ നൈജീരിയക്കെതിരെ നേടിയ രണ്ട് ഗോളുകളും, അര്‍ജന്റീനയുടെ പതിനെട്ടാം നമ്പര്‍ ജഴ്‌സിയണിഞ്ഞിറങ്ങിയ ആ പതിനെട്ടുകാരന്റെ സംഭാവനയായിരുന്നു. ഏഴു കളികളില്‍ നിന്നും ആറു ഗോളുകളുമായി ടൂര്‍ണ്ണമെന്റിന്റെ താരമായി മാറി. 2008 ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടി. രാജ്യത്തിന് ഒരു സുവര്‍ണ്ണനിമിഷം കൂടി സമ്മാനിച്ചു. 2006 ല്‍ ലോകകപ്പ് ടീമില്‍ കളിച്ചു, ഗോളും നേടി. ഇതില്‍ തുടങ്ങി നാല് ലോക കപ്പുകളും, നാല് കോപ്പ അമേരിക്കയും. മെസ്സിയുടെ അന്താരാഷ്ട്ര കിരീടമില്ലായ്മക്ക് പതിനാല് വര്‍ഷ ദൂരം. അതില്‍ തന്നെ ക്യാപ്റ്റനായി മൂന്നു ഫൈനലുകള്‍. ഒരു ലോകകപ്പും, രണ്ട് കോപ്പ അമേരിക്കയും. അങ്ങനെ ബാഴ്‌സലോണ ക്ലബ്ബിന്റെ അദ്ഭുതരാജകുമാരന്‍ അര്‍ജന്റീനക്കാര്‍ക്ക് ജയചിഹ്നങ്ങള്‍ പ്രദാനം ചെയ്യാത്ത മുടിയനായ പുത്രനായി മാറി. അവര്‍ മറഡോണ എന്ന ഇതിഹാസത്തിനുമേല്‍ തങ്ങളുടെ ആരാധന വാരിച്ചൊരിഞ്ഞാണ് ഈ അഗാധവിഷാദത്തില്‍ ആശ്വാസം കണ്ടെത്തിയത്.

 

മെസ്സിയിലെ പ്രതിഭയുടെ ധാരാളിത്തവും, യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളില്‍ കളിക്കുന്ന ഒരു കൂട്ടം കളിക്കാരുടെ സാന്നിധ്യവുമുണ്ടായിട്ടും, കഴിഞ്ഞ പതിറ്റാണ്ടില്‍ അര്‍ജന്റീനക്ക് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റ് പോലും ജയിക്കാന്‍ കഴിഞ്ഞില്ല. കാരണം തേടിച്ചെല്ലുമ്പോള്‍ ദൃശ്യമാകുന്നത് ടീമിന്റെ ഒത്തിണക്കമില്ലായ്മയും, മെസ്സിയും പരിശീലകരും തമ്മിലുള്ള പാരസ്പര്യത്തിന്റെ അഭാവവുമാണ്. കൂടാതെ അവശ്യ സമയങ്ങളില്‍, അവസരത്തിനൊത്തുയരാനുള്ള കളിക്കാരുടെ വിമുഖത. മറഡോണ എന്ന പരിശീലകനുമായി മാത്രമേ മെസ്സിക്ക് താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞുള്ളൂ. പക്ഷെ ഉന്‍മാദത്തോളമെത്തുന്ന വൈകാരികതയുള്ള മറഡോണയ്ക്ക്ക്ക് പരിശീലക വേഷം ചേരുന്നതായിരുന്നില്ല. സഹകളിക്കാരില്‍ പ്രചോദനമുണര്‍ത്താന്‍ കഴിവുള്ള നായകനായിരിക്കുമ്പോഴും, മെസ്സി കളിക്കളത്തില്‍ ഒറ്റപ്പെടുന്നത് കാണാന്‍ കഴിയും.

 

രജതവിജയം

 

മുഴക്കത്തോടെ ചലിക്കുന്ന കൈകാലുകളും ഇറ്റുവീഴുന്ന തിളങ്ങുന്ന വിയര്‍പ്പുകണങ്ങളും നിര്‍ലജ്ജമൊഴുകുന്ന കണ്ണുനീരും മുഴങ്ങുന്ന ഹാസങ്ങളും ചേര്‍ന്നുളവാക്കുന്ന ചെറിയ ദുരന്തങ്ങളുടേയും വലിയ ഹര്‍ഷോന്‍മാദങ്ങളുടേയും സത്തയാണ് കായിക മത്സരങ്ങള്‍. ഈ ഗുണ ലക്ഷണങ്ങളുടെ പരമോന്നതിയാണ് കാല്‍പന്തുകളി. ഇതിന്റെ പ്രദര്‍ശനമായിരുന്നു ജൂലായ് പത്താം തീയതി ശനിയാഴ്ച രാത്രിയുടെ യാമങ്ങളില്‍ റിയോ ഡി ജനീറയിലെ മരക്കാനാ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. നിത്യവൈരികളായ അര്‍ജന്റീനയും ബ്രസീലും കോപ്പാ അമേരിക്കക്കു വേണ്ടി ഏറ്റുമുട്ടി. കാലം കരുതി വച്ച കാവ്യനീതി പോലെ മെസ്സി അര്‍ജന്റീനക്കായി അന്താരാഷ്ട്ര കിരീടം വീണ്ടെടുത്തു, 28 വര്‍ഷങ്ങള്‍ക്കുശേഷം. കാല്‍പന്തുകളിയിലെ ലോകവേദിയിലെ മഹാരഥന്‍മാരായ പെലേക്കും മറഡോണയ്‌മൊപ്പമെത്താന്‍ മെസ്സിക്ക് തടസ്സമായി വര്‍ത്തിച്ചത് ഒരേ ഒരു കിട്ടാക്കനിയായിരുന്നു. അര്‍ജന്റീനയ്ക്കായുള്ള അന്താരാഷ്ട്ര കിരീടം. നേരാംവണ്ണം പ്രവര്‍ത്തിക്കാത്ത, മുറിവുകളെല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് മെസ്സിയും സഹകളിക്കാരും ഇത്രയും കാലം ലോകത്തിനു നലകിയത്. അവരുടെ ഉള്ളിലുറഞ്ഞിരുന്ന തീവ്രവേദനയെ ഛിന്നഭിന്നമാക്കി, അവിടെ ഹര്‍ഷോന്മാദം നിറക്കുകയായിരുന്നു, കോപ്പ അമേരിക്കയിലെ കിരീടനേട്ടം.

 

ബാഴ്‌സലോണയിലെ തന്റെ സുവര്‍ണ്ണകാലപ്രകടനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു മെസ്സിയുടെ ഈ ടൂര്‍ണമെന്റിലെ പ്രകടനം. ഗോളടിച്ചും അടിപ്പിച്ചും മെസ്സി കളം നിറഞ്ഞാടി. ഫൈനലില്‍ തന്റെ സ്വത:സിദ്ധമായ ശൈലിയിലേക്ക് എത്തിയില്ലെങ്കിലും, എതിര്‍കളിക്കാരെ തന്ത്രപരമായി തന്നിലേക്കാകര്‍ഷിച്ച്, സഹകളിക്കാര്‍ക്ക് സ്വതന്ത്രമായി കളിക്കാനുള്ള സൗകര്യമൊരുക്കി. പരിശീലകന്‍ ലയണല്‍ സ്‌കലോനിയും പഴയ കളിക്കാരായ സഹപരിശീലകരും മെനഞ്ഞ തന്ത്രങ്ങള്‍ അതേപടി മൈതാനത്ത് ആവിഷ്‌ക്കരിച്ചു. തന്ത്രപരമായി ഒരുക്കിയെടുത്ത വിജയം. അങ്ങനെ ബാഴ്‌സലോണക്കായി നേടിയ 34 കിരീടങ്ങളും ലോകത്തെ ഏറ്റവും മികച്ച കളിക്കാരനു സമ്മാനിക്കുന്ന, ബാലന്‍ ഡി ഓറുകള്‍ ആറെണ്ണവും പ്രദാനം ചെയ്യാത്ത സന്തോഷമാണ്, ഉന്മാദമാണ് മെസ്സിക്ക് ഈ കിരീട വിജയം സമ്മാനിക്കുന്നത്. മരക്കാന സ്റ്റേഡിയത്തില്‍ തൊണ്ണൂറ്റി അഞ്ചാം മിനിറ്റില്‍ റഫറിയുടെ നീണ്ട വിസില്‍ മുഴങ്ങിയപ്പോള്‍ പാര്‍ശ്വവരയ്ക്കടുത്ത്, മുഖം പൊത്തി, മുട്ടുകുത്തി അര്‍ജന്റീനയുടെ പത്താംനമ്പര്‍ താരം. ഒരു നിമിഷം ഉള്ളില്‍ ലോകം നിശ്ചലമായി. അര്‍ജന്റീന താരങ്ങള്‍ ഒന്നടങ്കം തങ്ങളുടെ മിശിഹയുടെ അടുത്തേക്ക് ഓടിയടുത്തു. അര്‍ജന്റീനക്കാരുടേയും ലോകമെമ്പാടുമുള്ള ആരാധകരുടേയും ഹൃദയം നിറഞ്ഞുതുളുമ്പി.

 

മറഡോണയും മെസ്സിയും

 

അപാരസാധ്യതകളുള്ള, മഹാപ്രതിഭയായിരുന്നു മറഡോണ. പക്ഷേ, പ്രതിഭാവിലാസത്തിന്റെ ഔന്നത്യത്തില്‍ കരഗതമായ നേട്ടങ്ങളിലൂടെ ലഭിച്ച പ്രശസ്തിയും, അമിതാരാധനയും ഉളവാക്കിയ സമ്മര്‍ദ്ദം താങ്ങാനാവാതെ ഉന്മാദാവസ്ഥയിലെത്തുകയും ലഹരികളില്‍ ജീവിതം ആഴ്ത്തുകയും ചെയ്തു. സ്വന്തം ശക്തിയും പരിമിതികളും മറ്റാരേക്കാളും കൃത്യമായി മനസ്സിലാക്കിയ വ്യക്തിയാണ് മെസ്സി. ഒരിക്കല്‍ വിഖ്യാത മാസികയായ ടൈം മാസിക, മറഡോണയേയും സച്ചിന്‍ ടെണ്ടുല്‍ക്കറേയും താരതമ്യം ചെയ്തുകൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നില്‍ക്കുമ്പോഴും, സച്ചിന്‍ മാനസികമായി സംതുലനാവസ്ഥ നിലനിര്‍ത്തിയിരുന്നു. പ്രശസ്തിക്ക് അടിപ്പെട്ടുപോയില്ല. ബന്ധങ്ങളിലെല്ലാം ഊഷ്മളത കാത്തുസൂക്ഷിച്ചു. അങ്ങനെ നോക്കുമ്പോള്‍ മറഡോണക്കൊപ്പം വരുന്ന പ്രതിഭയും, സച്ചിന്റെ സ്വഭാവസവിശേഷതയും ഒത്തുചേര്‍ന്ന അപൂര്‍വ്വ പ്രതിഭയാണ് ലയണല്‍ ആന്ദ്രേസ് മെസ്സി.

 

റൊണാള്‍ഡോയില്‍ നിന്നും മെസ്സിയിലേക്കുള്ള ദൂരം

 

ഇവരില്‍ ആരാണ് കേമനെന്നുള്ളത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വസ്തുതയാണ്. മെസ്സി പ്രകൃതിയാണ്. റൊണാള്‍ഡോ ശക്തിയാണ്. ഒരേ കാലഘട്ടത്തില്‍ കളിക്കുന്നവരെങ്കിലും അവര്‍ വ്യത്യസ്തത പുലര്‍ത്തുന്നു. റൊണാള്‍ഡോയുടെ പ്രത്യേകത, സാങ്കേതികത്തികവാണ്. യൂറോപ്യന്‍ ശൈലിയുടെ പൂര്‍ണത. കാല്‍പന്തുകളിക്ക് കാലം കാഴ്ചവച്ച ഏറ്റവും മികച്ച ഫോര്‍വേര്‍ഡ്. മെസ്സിയില്‍ ലാറ്റിനമേരിക്കന്‍ ശൈലിയും യൂറോപ്യന്‍ ശൈലിയുടേയും സമ്മോഹനമായ മിശ്രണം കാണാം. കാല്‍പന്തുകളിയില്‍ ഇപ്പോഴും കുട്ടിത്തം കാത്തുസൂക്ഷിക്കുന്ന കളിക്കാരനാണ് മെസ്സി. ഫുട്ബാളിനെ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി വാനോളം ഉയര്‍ത്തുകയാണ് ഈ മഹാപ്രതിഭകള്‍.

 

വാലറ്റം- മെസ്സിയെന്ന നാമത്തിന് ദൈവത്തിന്റെ സമ്മാനമെന്നും അര്‍ത്ഥം പറയാം. കാലുകളില്‍ കാല്പനികതയുമായി മെസ്സി കളം നിറയുമ്പോള്‍ ആ നാമം അന്വര്‍ത്ഥമാകുകയാണ്. ഒരു ലോക കിരീടം മെസ്സിക്ക് ഇനി പ്രാപ്യമാണോ എന്നറിയില്ല. എങ്കിലും കാല്‍പന്ത് കളിയിലെ അനശ്വര നാമമായി മാറിക്കഴിഞ്ഞു ലയണല്‍ ആന്ദ്രേസ് മെസ്സി എന്നത്.

 

 

 

OTHER SECTIONS