യുവേഫ ചാമ്പ്യന്‍സ് ലീഗ് :ലിവര്‍പൂള്‍ ഫൈനലില്‍

By priya.05 05 2022

imran-azhar

വിയ്യാറയല്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ പത്താംവട്ടം ഫൈനലില്‍ പ്രവേശിച്ച് ലിവര്‍പൂള്‍. രണ്ടാംപാദ സെമിയിലും സ്പാനിഷ് ക്ലബ്ബ് വയ്യാറയലിനെ തോല്‍പ്പിച്ചായിരുന്നു ടീമിന്റെ ഫൈനല്‍ പ്രവേശം.രണ്ടാം പാദത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെമ്പടയുടെ വിജയം. ഒരു സീസണില്‍ ചാമ്പ്യന്‍സ് ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് ടൂര്‍ണമെന്റുകളുടെ ഫൈനലിലെത്തുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ലായും ലിവര്‍പൂള്‍ മാറിയിരിക്കുകയാണ്.

 

 

ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യപാദ സെമിയില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യര്‍ഗോന്‍ ക്ലോപ്പിന്റെ സംഘം രണ്ടാം പാദം കളിക്കാനിറങ്ങിയത്. എന്നാല്‍ സ്വന്തം തട്ടകത്തില്‍ അവിശ്വസനീയമായ പ്രകടനമാണ് വിയ്യാറയല്‍ കാഴ്ചവെച്ചത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ലിവര്‍പൂളിനെ ഞെട്ടിച്ചുകൊണ്ട് വിയ്യാറയല്‍ ലീഡെടുത്തു. ബൗലൈ ഡിയയായിരുന്നു ഗോള്‍ നേടിയത്. ആദ്യപകുതിയുടെ അവസാനം വിയ്യാറയല്‍ വീണ്ടും വലകുലുക്കി. ഇത്തവണ ഫ്രാന്‍സിസ് കോക്വില്‍ ആയിരുന്നു സ്‌കോറര്‍. കോക്വിലിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോളായിരുന്നു അത്. ഗോള്‍ നേടിയതോടെ അഗ്രിഗേറ്റ് സ്‌കോര്‍ 2-2 എന്ന നിലയിലായി. എല്‍ മാഡ്രിഗല്‍ സ്റ്റേഡിയം ഒന്നടങ്കം ആവേശത്തിലായി.

 


രണ്ടാം പകുതിയില്‍ ഡീഗോ ജോട്ടയെ പിന്‍വലിച്ച് ലൂയിസ് ഡയസിനെ കളത്തിലിറക്കി ലിവര്‍പൂള്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി. ഒടുവില്‍ 62-ാം മിനിറ്റില്‍ ചെമ്പട തിരിച്ചടിച്ചു. മുഹമ്മദ് സലെയുടെ അസിസ്റ്റില്‍ ഫാബീഞ്ഞോയാണ് ഗോള്‍ നേടിയത്. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ലിവര്‍പൂള്‍ വീണ്ടും വലകുലുക്കി. പകരക്കാരനായിറങ്ങിയ ലൂയിസ് ഡയസാണ് ഗോള്‍ നേടിയത്. അഗ്രിഗേറ്റ് സ്‌കോര്‍ 4-2 ആയി മാറി. പിന്നാലെ എല്‍ മാഡ്രിഗല്‍ സ്റ്റേഡിയത്തില്‍ വിയ്യാറയലിന്റെ കണ്ണീര്‍ വീഴ്ത്തിക്കൊണ്ട് മൂന്നാം ഗോളും വീണു. സാദിയോ മാനെയാണ് ലക്ഷ്യം കണ്ടത്. അഗ്രിഗേറ്റ് സ്‌കോര്‍ 5-2 ന് വിജയിച്ച് ലിവര്‍പൂള്‍ കലാശപ്പോരിന് യോഗ്യത നേടി.

 

 


ജയത്തോടെ ഒരു സീസണില്‍ ചാമ്പ്യന്‍സ് ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് ടൂര്‍ണമെന്റുകളുടെ ഫൈനലിലെത്തുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ലായും ലിവര്‍പൂള്‍ മാറി. ഈ സീസണില്‍ 57 മത്സരങ്ങളില്‍ നിന്നായി 139 ഗോളുകളാണ് ലിവര്‍പൂള്‍ അടിച്ചുകൂട്ടിയത്. ഇത് ക്ലബ്ബ് റെക്കോഡുമാണ്. ലിവര്‍പൂള്‍ കോച്ച് യൊര്‍ഗന്‍ ക്ലോപ്പിനും ഇത് നാലാം ചാമ്പ്യന്‍സ് ലീഗ് ഫൈനലാണ്. മാര്‍സെല്ലോ ലിപ്പി, സര്‍ അലക്സ് ഫെര്‍ഗൂസന്‍, കാര്‍ലോ ആഞ്ചലോട്ടി എന്നിവരാണ് ഇതിനു മുന്നേ നാല് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ പരിശീലകര്‍.

 

 

OTHER SECTIONS