മികച്ച താരം ലൂക്കാ തന്നെ; ഫിഫ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്

By Anju N P.25 09 2018

imran-azhar

ലണ്ടന്‍: 2018ലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം റയല്‍മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന്. മെസിയേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും മറികടന്നാണ് ലൂക്കാ ഈ നേട്ടം സ്വന്തമാക്കിയത്. ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍വരെ എത്തിക്കുകയും റയലിന് രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുകയും ചെയ്താണ് മോഡ്രിച്ച് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയത്. ഇന്നലെ ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഫിഫ ബസ്റ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.


യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് മോഡ്രിച്ച് പുരസ്‌കാരം നേടിയത്. മുഹമ്മദ് സലാ മൂന്നാമതായി. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബ്രസീലിന്റെ മാര്‍ത്തയ്ക്ക് ലഭിച്ചു.

 

മികച്ച ഗോളിയ്ക്കുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ബെല്‍ജിയം താരം തിബോ കുര്‍ടോ നേടി. മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കാണ്. ഫ്രാന്‍സിന്റെ കെയ്ലാന്‍ എംബാപെയാണ് മികച്ച യുവതാരം. മികച്ച പരിശീലകനുള്ള പുരസ്‌കാരം ഫ്രാന്‍സിന് ലോകകിരീടം നേടിക്കൊടുത്ത ദിദിയന്‍ ദഷാംസിനാണ്. മികച്ച വനിതാ ടീം പരിശീലകനായി ഫ്രഞ്ച് ലീഗ് ടീം ലയണ്‍സ്(വുമണ്‍) പരിശീലകന്‍ റെയിനാഡ് പെട്രോസിനെ തെരഞ്ഞെടുത്തു. ഫാന്‍ അവാര്‍ഡ് പെറു ഫാന്‍സിനാണ്. ഫെയര്‍പ്ലേ പുരസ്‌കാരത്തിന് ജര്‍മന്‍ താരം ലെനാര്‍ട് തേ അര്‍ഹനായി.

 

ലോക ഇലവന്‍: ഡേവിഡ് ഡി ഗിയ (ഗോളി), ഡാനി ആല്‍വേസ്, റഫേല്‍ വരാനെ, സെര്‍ജിയോ റാമോസ്, മാര്‍സലോ (പ്രതിരോധം), ലൂക മോഡ്രിച്ച്, എന്‍ഗാളോ കാന്റെ, ഏദന്‍ ഹസാര്‍ഡ് (മധ്യനിര), കെയ്ലാന്‍ എംബാപെ, ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ

 

OTHER SECTIONS