സൈനയെ തോല്‍പ്പിച്ച് ഇരുപതുകാരി, ഇന്ത്യന്‍ ബാഡ്മിന്റണില്‍ മറ്റൊരു താരോദയം

By RK.13 01 2022

imran-azhar

 


ന്യൂഡല്‍ഹി: വനിതാ ബാഡ്മിന്റണില്‍ പ്രതീക്ഷയായി നാഗ്പൂരില്‍ നിന്നുള്ള ഇരുപതുകാരി മാളവിക ബന്‍സോദ്. ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ തന്റെ ഇഷ്ടതാരം സൈന നെഹ്വാളിനെ പരാജയപ്പെടുത്തിയാണ് മാളവിക വരവറിയിച്ചത്.

 

വെറും 34 മിനിട്ടുകള്‍ മാത്രം നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് മാളവിക സൈനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-17, 21-9.

 

സൈനയെപ്പോലെ പവര്‍ ഗെയിമാണ് മാളവികയുടെയും കരുത്ത്. നെറ്റിന് സമീപമുള്ള ചടുലനീക്കങ്ങള്‍ കൂടിയാകുമ്പോള്‍ മാളവികയെ നേരിടുന്നത് എതിരാളികള്‍ക്ക് ദുഷ്‌കരമാകുന്നു.

 

ഇതിനോടകം മൂന്ന് സീനിയര്‍ ദേശീയ കിരീടങ്ങള്‍ മാളവിക സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ആദ്യ കിരീടം മാളവിക സ്വന്തമാക്കുന്നത് 17ാമത്തെ വയസിലാണ്. ബറേലിയില്‍ 2018ല്‍ നടന്ന ദേശീയ സീനിയര്‍ റാങ്കിംഗ് ടൂര്‍മമെന്റ്.

 

അതിന് ശേഷം 2019ല്‍ കോഴിക്കോട് നടന്ന ദേശീയ റാങ്കിംഗ് ടൂര്‍ണമെന്റിലും കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ നടന്ന ടൂര്‍ണമെന്റിലും മാളവിക കിരീടം സ്വന്തമാക്കി.

 

തന്റെ റാങ്കിംഗ് മെച്ചപ്പെടുത്തുക എന്നതാണ് മാളവികയുടെ അടുത്ത വെല്ലുവിളി. എത്രയും വേഗം റാങ്കിംഗ് ഉയര്‍ത്തണമെന്നും എങ്കില്‍ മാത്രമേ സൂപ്പര്‍ 500, സൂപ്പര്‍ 300, സൂപ്പര്‍ 1000 വിഭാഗങ്ങളിലുള്ള ടൂര്‍ണമെന്റുകളിലേക്ക് യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂവെന്നും മാളവിക വ്യക്തമാക്കി.

 

 

OTHER SECTIONS