മലയാളി ബാലന്‍ യുഎഇ നാഷണല്‍ ചെസ് ചാമ്പ്യന്‍

By S R Krishnan.12 Jun, 2017

imran-azhar
 
 
ദുബായ് : ഏഴു വയസ്സുകാരന്‍ അലക്‌സ് ജോര്‍ജ്ജിന് യുഎഇ ദേശീയ ചെസ് കിരീടം. 8 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലാണ് ഏഴില്‍ ഏഴ് പോയിന്റും നേടി അലക്‌സ് ചാമ്പ്യനായത്. വിവിധ എമിറേറ്റ്‌സുകളില്‍ നിന്നുള്ള ചാമ്പ്യന്‍മാരാണ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്.
 
കിഴക്കമ്പലം സ്വദേശിയും റഷ്യന്‍ വ്യവസായിയുമായ ജോര്‍ജ് ജേക്കബിന്റെ പുത്രനാണ് അലക്‌സ് ജോര്‍ജ്. ദുബായില്‍ റെപ്റ്റ സ്‌കൂളില്‍ 2-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. നിലവില്‍ അണ്ടര്‍-8 ദുബായ് ചാമ്പ്യനാണ് അലക്‌സ്. റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സെര്‍ഗെ കയ്‌മോവാണ് അലക്‌സിന്റെ പരിശീലകന്‍. നന്നെ ചെറുപ്പം മുതല്‍ ചെസ് കളിച്ചു തുടങ്ങിയ അലക്‌സ് സെര്‍ഗെയുടെ കീഴില്‍ ഒരു വര്‍ഷമായി പരിശീലിക്കുന്നു.
യുഎഇ നാഷണല്‍ ചെസ് ഫെഡറേഷനാണ് ചെസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. ഫുജൈറ അല്‍ ബ്യസ്താന്‍ ഹാള്‍ ആയിരുന്നു ഇക്കുറി ദേശീയ മത്സരത്തിന്റെ വേദി. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു നടന്ന കേരള അണ്ടര്‍ 8 ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അലക്‌സ് രണ്ടാമതെത്തിയിരുന്നു.റഷ്യന്‍ സ്വദേശിനി ലാലിത യെലെന്‍ നൂര്‍ ആണ് അലക്‌സിന്റെ മാതാവ്. റഷ്യന്‍ വേരുകളുള്ള ഈ മലയാളി ബാലനില്‍ ഒരു ഭാവി 'കാസ്പറോവിനെ' കളി നിരീക്ഷകര്‍ കാണുന്നു. പക്വതയാര്‍ന്ന കളിക്കാര്‍ക്കുള്ള വേഗതയും, സൂക്ഷമതയും, അപ്രതീക്ഷിത നീക്കങ്ങളിലുള്ള മികവുമാണ് ഇവര്‍ അലക്‌സില്‍ കാണുന്ന പ്രത്യേകതകള്‍.