മെഡല്‍ തിളക്കവുമായി സഹോദരങ്ങള്‍; അമ്പെയ്ത്തില്‍ അഭിമാനമായി ആന്റോയും ആന്‍സിയും

By online desk.06 12 2019

imran-azhar

 

 


തിരുവല്ലം: കല്ലിയൂര്‍ ആന്റോ നിവാസില്‍ മെഡല്‍ തിളക്കം. സഹോദരങ്ങളും ബിടെക് ബിരുദധാരികളുമായ ആന്റോയും ആന്‍സിയുമാണ് നേപ്പാളില്‍ നടന്ന ഇന്തോ-നേപ്പാള്‍ അന്തര്‍ദേശീയ ആര്‍ച്ചെറി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് സ്വര്‍ണ്ണം, വെള്ളി മെഡലുകള്‍ നേടി നാടിന് അഭിമാനമായത്. കഴിഞ്ഞ മാസം 26 മുതല്‍ 30 വരെയായിരുന്നു മത്സരം. 19 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ള വിഭാഗത്തിലാണ് ഇരുവര്‍ക്കും മെഡല്‍ ലഭിച്ചത്.

 

2013 മുതലാണ് ആന്റോയും ആന്‍സിയും അമ്പെയ്ത്ത് പരിശീലനമാരംഭിക്കുന്നത്. വഞ്ചിയൂര്‍ സ്വദേശിയായ പരിശീലകന്‍ എസ്.വിഷ്ണു പ്രതിഫലം വാങ്ങാതെയാണ് പരിശീലനം നല്‍കിയത്. പഠന സമയത്തിന് ശേഷമായിരുന്നു ഇരുവരുടെയും പരിശീലനം. ആറ് വര്‍ഷം കഴിഞ്ഞിട്ടും നിര്‍ദ്ദിഷ്ട സ്‌കോര്‍ ഇരുവര്‍ക്കും നേടാനായില്ല. കഴിഞ്ഞ സെപ്തംബറില്‍ നടന്ന മത്സരത്തില്‍ സ്‌കോര്‍ നേടിയതോടെയാണ് സംസ്ഥാന - ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്.

 

മുംബൈ വിരാറില്‍ വച്ച് നടന്ന ദേശീയ മത്സരത്തില്‍ പങ്കെടുത്ത ആന്റോയും ആന്‍സിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരെ പരാജയപ്പെടുത്തിയതോടെ അന്തര്‍ദേശീയ മത്സരത്തിനുള്ള യോഗ്യത നേടി. തുടര്‍ച്ചയായ മൂന്നാം തവണയാണ് പരിശീലകനായ വിഷ്ണുവിന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ മത്സരത്തിനുള്ള ദേശീയ ചാമ്പ്യന്‍മാരെ സൃഷ്ടിക്കുന്നത്. ഇതോടൊപ്പം കേരളത്തിലെ വിവിധ ഭാഗങ്ങളിലെ 11 പേരും മെഡല്‍ നേടിയിട്ടുണ്ട്.

 

ലക്ഷക്കണക്കിന് രൂപ ചെലവ് വേണ്ടി വരുന്ന അമ്പെയ്ത്ത് മത്സരത്തില്‍ കേരള രജനീകാന്ത് ഫാന്‍സ് അസോസിയേഷന്‍, ബഹ്‌റിനിലെ ബിസിനസ് കാരനായ സുരേഷ് എന്നിവരാണ് ആന്റോയുടെയും ആന്‍സിയുടെയും പ്രാരംഭച്ചെലവുകള്‍ വഹിച്ചത്. രണ്ടു പേര്‍ക്കും ആവശ്യമായ വില്ല് വാങ്ങാനായുള്ള ആറ് ലക്ഷത്തോളം രൂപ കണ്ടെത്താന്‍ സ്‌പോണ്‍സറെ തേടുകയാണ് ഇരുവരും. എന്‍.ഡി.മാത്യുവും എം.എല്‍ സുജയുമാണ് മാതാപിതാക്കള്‍.

 

OTHER SECTIONS