ജോക്കോ മാപ്പ്, താങ്കളാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം! ഇതെന്റെ ഭാര്യയ്ക്കുള്ള വിവാഹ വാര്‍ഷിക സമ്മാനം

By RK.13 09 2021

imran-azhar

 

'ജോക്കോയ്ക്കും ആരാധകര്‍ക്കും മാപ്പ്! ചരിത്രത്തിലെ ഏറ്റവും മികച്ച താരം താങ്കളാണ്...'

 

ലോകം കണ്ണീരോടെയാവും മെദ് വിദേവിന്റെ വാക്കുകള്‍ ശ്രവിച്ചത്. ജോക്കോവിച്ചില്‍ നിന്ന് കിരീടം പൊരുതി നേടിയ ശേഷം, സമ്മാനദാനച്ചടങ്ങില്‍ വച്ചാണ് റഷ്യന്‍ താരം സമാനതകളില്ലാത്ത വാക്കുകള്‍ പങ്കുവച്ചത്. അതൊരു ചരിത്ര നിമിഷം കൂടിയായിരുന്നു. തീര്‍ച്ചയായും ഏറെ താലോലിച്ച സ്വപ്‌നം തകര്‍ത്ത തോല്‍വിയാവില്ല, മറിച്ച് എതിരാളിയുടെ വാക്കുകളാവും ജോക്കോവിച്ചിന്റെ കണ്ണുനനയിച്ചിട്ടുണ്ടാവുക.

 

നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളായ വിംബിള്‍ഡണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ എന്നിവ ഒരേ വര്‍ഷം തന്നെ സ്വന്തമാക്കുന്ന താരമെന്ന കലണ്ടര്‍ സ്ലാം നേട്ടമാണ് ജോക്കോവിച്ചിന് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായത്.

 

മത്സരത്തിലുടനീളം ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു ജോക്കോവിച്ച്. മത്സരത്തിനിടയില്‍ താരം റാക്കറ്റ് അടിച്ചുടച്ചു. 'എല്ലാം കഴിഞ്ഞല്ലോ, ആശ്വാസം' എന്നാണ് മത്സരത്തിനൊടുവില്‍ ജോക്കോവിച്ച് പ്രതികരിച്ചത്. 'രണ്ടാഴ്ചയായി അമിത സമ്മര്‍ദ്ദത്തിലായിരുന്നു. ഇത് പ്രകടനത്തെ ബാധിച്ചു.' എന്നാണ് താരം പറഞ്ഞത്.

 

20 പുരുഷ ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ ജോക്കോവിച്ച് നേടിയിട്ടുണ്ട്. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പമാണ് നിലവില്‍ ലോക ഒന്നാം നമ്പര്‍ താരത്തിന്റെ സ്ഥാനം.കരിയറിലെ ആദ്യ ഗ്രാന്‍ഡസ്ലാം കിരീടമാണ് മെദ് വദേവ് സ്വന്തമാക്കിയത്. 2005 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മരത് സാഫിന്റെ നേട്ടത്തിനു ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം കൈപ്പിടിയിലൊതുക്കിയ റഷ്യന്‍ പുരുഷ താരമാണ് മെദ് വദേവ്.

 

റഷ്യന്‍ താരത്തിന്റെ വിജയത്തിന്റെ മാധുര്യം കൂട്ടുന്ന മറ്റൊന്നുകൂടിയുണ്ട്. ഭാര്യയ്ക്കുള്ള വിവാഹവാര്‍ഷിക സമ്മാനമായിരുന്നു ഈ വിജയം. അതിനെപ്പറ്റി മെദ് വദേവ് പറഞ്ഞതിങ്ങനെ: രണ്ടാഴ്ചയായി വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് എന്തു സമ്മാനം നല്‍കണം എന്ന ചിന്തയിലായിരുന്നു ഞാന്‍. മത്സരത്തില്‍ ഞാന്‍ പരാജയപ്പെട്ടാല്‍ മറ്റൊന്ന് കണ്ടെത്താനാവില്ലെന്ന് ഞാന്‍ ചിന്തിച്ചു. അതിനാല്‍, എനിക്ക് ജയിക്കണമായിരുന്നു!

 

ബ്രാഡ് പിറ്റ്, ബ്രാഡ്‌ലി കൂപ്പര്‍, ലിയോനാര്‍ഡോ ഡികാപ്രിയോ, മുന്‍ ടെന്നിസ് താരം റോഡ് ലെവര്‍ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ജോക്കോവിച്ച്-മെദ് വദേവ് പോരാട്ടം കാണാന്‍ ഗാലറിയില്‍ ഉണ്ടായിരുന്നു.

 

 

OTHER SECTIONS