മിലാനെ തകര്‍ത്ത് യുവന്റസ്: യുവന്റസ്-2 എസി മിലാന്‍-0

By Online Desk.13 11 2018

imran-azhar

 

 


മിലാന്‍: സിരി എയില്‍ എസി മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് യുവന്റസ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് എസി മിലാനെ തകര്‍ത്തുവിട്ടത്. റൊണാള്‍ഡോയ്ക്ക് പുറമെ മരിയോ മാന്‍സൂകിച്ചാണ് ഗോള്‍ നേടിയത്. പെനാല്‍റ്റി പാഴാക്കിയതിന് പുറമെ റെഡ് കാര്‍ഡ് കൂടെ കണ്ട ഗോണ്‍സാലോ ഹിഗ്വയ്ന്‍ മിലാന്റെ വില്ലനായി. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ യുവന്റസ് ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചിരുന്നു. അലക്സാന്ദ്രോയുടെ ക്രോസിന് ഹെഡ്ഡറിലൂടെ മാന്‍സൂകിച്ച് ഗോള്‍ നേടി. എന്നാല്‍ കളിയുടെ നാല്പത്തിയൊന്നാം മിനിറ്റില്‍ മിലാന് ഗോള്‍ മടക്കാന്‍ സുവര്‍ണാവസരം ലഭിച്ചു.

യുവന്റസ് ബോക്സിനുള്ളില്‍ വെച്ച് ഹാന്‍ഡ് ബോള്‍ വഴങ്ങിയതിനാല്‍ ലഭിച്ച പെനാല്‍റ്റി ഹിഗ്വയ്ന്‍ നഷ്ടപ്പെടുത്തി. താരത്തിന്റെ ഷോട്ട് ഗോള്‍ കീപ്പറുടെ കയ്യില്‍ തട്ടി പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. രണ്ടാം പകുതിയില്‍ ഒട്ടേറെ മുന്നേറ്റങ്ങള്‍ യുവന്റസിന്റെ ഭാഗത്ത് നിന്നുണ്ടായെങ്കിലും മിലാന്‍ ഗോള്‍ കീപ്പറിന്റെ മികച്ച പ്രകടനമാണ് ഗോള്‍ വഴങ്ങുന്നതില്‍ നിന്നും എസി മിലാനെ രക്ഷിച്ചത്. എന്നാല്‍ 81-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലകുലുക്കി. ബോക്സിനകത്ത് വീണുകിട്ടിയ പന്ത് അടിച്ചുകയറ്റുകയായിരുന്നു താരം. 83-ാം മിനിറ്റില്‍ ഹിഗ്വയ്ന്‍ റെഡ് കണ്ടു പുറത്ത്പോയതും എസി മിലാന് നാണക്കേടുണ്ടാക്കി. ഇതോടെ പന്ത്രണ്ട് മത്സരങ്ങളില്‍ നിന്നായി മുപ്പത്തിനാല് പോയിന്റുമായി ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യുവന്റസ്. ക്ലബിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പന്ത്രണ്ടു മത്സരങ്ങളില്‍ നിന്ന് മുപ്പത്തിനാല് പോയിന്റുകള്‍ നേടുന്നത്. ഇതോടെ സിരി എയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ സമ്പാദ്യം എട്ടായി.

OTHER SECTIONS