ഹിറ്റ്മാനെയും പിന്നിലാക്കി മിതാലി

By Online Desk.13 11 2018

imran-azhar

 

 

ഗയാന: ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് മറികടന്ന് വനിതാ സൂപ്പര്‍ ക്രിക്കറ്റര്‍ മിതാലി രാജ്. ടി-20യില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലാണ് മിതാലി ഹിറ്റ്മാനെ പിന്തള്ളിയത്. വനിതാ ലോകകപ്പില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയോടെയാണ് മിതാലിയുടെ ചരിത്രനേട്ടം. 47 പന്തില്‍ 56 റണ്‍സ് അടിച്ചെടുത്ത മിതാലി തന്റെ റണ്‍സമ്പാദ്യം 2,232ലെത്തിച്ചു. 84 മത്സരങ്ങളില്‍ നിന്നാണ് മിതാലി ഇത്രയും റണ്‍സ് സ്വന്തമാക്കിയത്. നേരത്തെ റെക്കോഡ് കൈവശം വെച്ചിരുന്ന രോഹിത് ശര്‍മ്മയുടെ അക്കൗണ്ടില്‍ 87 മത്സരങ്ങളില്‍ 2,207 റണ്‍സാണുള്ളത്. 62 മത്സരങ്ങളില്‍ നിന്ന് 2,102 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്. വിന്‍ഡീസിനെതിരായ പരമ്പരയിലാണ് കോലിയെ പിന്തള്ളി രോഹിത് ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. മിതാലിയുടെ വെടിക്കെട്ടില്‍ പാകിസ്ഥാനെ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. അര്‍ദ്ധ സെഞ്ചുറിയോടെ മത്സരത്തിലെ താരമാകാനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായി.

OTHER SECTIONS