നാലാം മുബാദല ടെന്നീസ്: കിരീടവുമായി ദ്യോക്കോവിച്ച്

By Online Desk .31 12 2018

imran-azhar

 

 

അബുദാബി: സെര്‍ബിയന്‍താരം നൊവാക്ക് ദ്യോക്കോവിച്ച് മുബാദല ടെന്നീസ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ സൗത്ത് ആഫ്രിക്കന്‍താരം കെവിന്‍ ആന്‍ഡേഴ്സണിനെ 46, 75, 75 എന്ന സ്‌കോറിനാണ് ദ്യോക്കോവിച്ച് വീഴ്ത്തിയത്. ആദ്യ സെറ്റ് നഷ്ടമായശേഷം മികച്ച മടങ്ങിവരവാണ് ദ്യോക്കോവിച്ച് നടത്തിയത്. വിജയത്തോടെ നാല് മുബാദല കിരീടമെന്ന റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ദ്യോക്കോവിച്ചിന് കഴിഞ്ഞു.

 

മത്സരത്തില്‍ താന്‍ ക്ഷീണിതനായിരുന്നെന്ന് ദ്യോക്കോവിച്ച് പറഞ്ഞു. രണ്ട് മണിക്കൂറിലധികം കളി നീളുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കിരീടം നേടാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. ജയത്തോടെ അടുത്തമാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണിനായി മികച്ച ഒരുക്കമാണ് ദ്യോക്കോവിച്ച് നടത്തിയത്. മുബാദല ട്രോഫി താരത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തും.


ഓസ്ട്രേലിയന്‍ ഓപ്പണിന് മുന്‍പ് അടുത്തയാഴ്ച ആരംഭിക്കുന്ന ഖത്തര്‍ ഓപ്പണിലും ദ്യോക്കോവിച്ച് കളിക്കുന്നുണ്ട്. ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന താരം ഗംഭീര മടങ്ങിവരവ് നടത്തിയ വര്‍ഷമാണ് 2018. ഈ വര്‍ഷം വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടം നേടാന്‍ ദ്യോക്കോവിച്ചിന് കഴിഞ്ഞു.

OTHER SECTIONS