സിറാജിന്റെ മധുര പ്രതികാരം, കൈയടിച്ച് വിമർശകർ

By സൂരജ് സുരേന്ദ്രൻ .18 01 2021

imran-azhar

 

 

പേസ് ബൗളർമാരുടെ നിര പരിശോധിക്കുകയാണെങ്കിൽ സമ്പന്നമാണ് നമ്മുടെ ഇന്ത്യൻ ടീം. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ നിരവധി പുത്തൻ താരോദയങ്ങളാണ് ഇന്ത്യൻ ടീമിലുണ്ടായത്. ഐപിഎല്ലിൽ കോലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച മുഹമ്മദ് സിറാജിന് അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല ഇന്ത്യൻ ടീമിൽ കയറിപ്പറ്റാൻ. ഓസീസിനെതിരായ സിറാജിന്റെ അഞ്ച് വിക്കറ്റ് പ്രകടനം ആരാധകരെമാത്രമല്ല മുൻ ഇന്ത്യൻ താരങ്ങളെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

 

ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയെ ഏറെ വലച്ചത് പരിക്കായിരുന്നു. ബൗളിങ് നിരയിലെ പ്രധാന താരങ്ങളെല്ലാം പരിക്കേറ്റ് പുറത്തായതോടെ അവസാന ടെസ്റ്റില്‍ മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ടി. നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ പുതുമുഖങ്ങളാണ് ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്. രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 294 റൺസിൽ തുരത്താൻ ഏറെ സഹായിച്ചതും സിറാജിന്റെ അസാമാന്യ ബൗളിംഗ് പ്രകടനമായിരുന്നു.

 

19.5 ഓവറില്‍ 73 റണ്‍സ് വഴങ്ങിയാണ് സിറാജ് അഞ്ച് വിക്കറ്റെടുത്തത്. സ്‌റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍ എന്നീ വമ്പന്‍മാരുടെ വിക്കറ്റുമുണ്ടായിരുന്നു ഇതില്‍. ഓസീസ് പര്യടനത്തിനിടെയാണ് സിറാജിന് തന്റെ പിതാവിനെ നഷ്ടമാകുന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങാതെ ടീമിനൊപ്പം തുടരാന്‍ സിറാജ് തീരുമാനിക്കുകയായിരുന്നു. അതേസമയം സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ കാണികളില്‍ നിന്ന് വംശീയാധിക്ഷേപത്തിന് ഇരയാകേണ്ടി വന്നതിനുള്ള സിറാജിന്റെ മറുപടികൂടിയായി മാറി ഗാബയിലെ പ്രകടനം.

 

കരിയറിലെ തന്റെ മൂന്നാമത്തെ ടെസ്റ്റ് മാത്രമായിരുന്നു ഓസീസിനെതിരെ ഇന്ന് നടന്നത്. സിറാജായിരുന്നു ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന് നേതൃത്വം കൊടുത്തത്. താരത്തിന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു ഇത്. വീരേന്ദര്‍ സെവാഗ്, ആകാശ് ചോപ്ര തുടങ്ങിയവര്‍ സിറാജിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും സിറാജിന് അഭിനന്ദന പ്രവാഹമാണ്.


സഹീര്‍ ഖാന് ശേഷം ഗാബയില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് മുഹമ്മദ് സിറാജ്. 2003ലായിരുന്നു 93 റണ്‍സ് വിട്ടുകൊടുത്ത് സഹീറിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം. ഗാബയില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന അഞ്ചാം ഇന്ത്യന്‍ ബൗളര്‍ കൂടിയായി സിറാജ്. ഏരപ്പള്ളി പ്രസന്ന (1968), ബിഷന്‍ സിംഗ് ബേദി (1977), മദന്‍ ലാല്‍ (1977), എന്നിവരാണ് സിറാജിനും സഹീറിനും മുമ്പ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

 

OTHER SECTIONS