ഐപിഎല്ലിന് എൽ-ക്ലാസിക്കോ പോരാട്ടത്തോടെ തുടക്കം; ടോസ് നേടി ചെന്നൈ, ബൗളിംഗ്

By Sooraj Surendran.19 09 2020

imran-azhar

 

 

അബുദാബി: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന കുട്ടി ക്രിക്കറ്റ് പൂരത്തിന്റെ ആഘോഷ രാവുകൾക്ക് ഇന്ന് തുടക്കം. ഉദ്‌ഘാടന മൽസരത്തിൽ വമ്പന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും, മുംബൈ ഇന്ത്യൻസുമാണ് പോരിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ടോസ് വിജയിച്ച ചെന്നൈ ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിലെ കിരീട നേട്ടത്തോടെയാണ് മുംബൈ ഇത്തവണ കളത്തിലിറങ്ങുന്നത്. അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 7:30 ഓടെയാണ് ആദ്യ മത്സരം തുടങ്ങുന്നത്. ടൂര്‍ണമെന്റിലെ തന്നെ രണ്ട് ഗ്ലാമര്‍ ടീമുകളാണ് ചെന്നൈയും മുംബൈയും. നാല് തവണയാണ് ഇരു ടീമുകളും ഫൈനലിൽ നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ മൂന്ന് തവണയും മുംബൈ ഇന്ത്യൻസാണ് കിരീടമുയർത്തിയിട്ടുള്ളത്.

ക്യാപ്റ്റൻ രോഹിത് ശർമ, ക്രിസ് ലിൻ, ക്വിന്റൻ ഡികോക്, ഇഷൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, ക്രുനാൽ പാണ്ഡ്യ തുടങ്ങി വിശ്വസ്തരായ ബാറ്റിങ് നിര മുംബൈയുടെ പക്കലുണ്ട്. മറുവശത്ത് ചെന്നൈയ്ക്കായി ക്യാപ്റ്റൻ എംഎസ് ധോണി, ഷെയ്ൻ വാട്സൺ, അമ്പാട്ടി റായുഡു, ഫാഫ് ഡുപ്ലെസി, ഡ്വെയ്ൻ ബ്രാവോ തുടങ്ങിയ വെറ്ററൻ താരങ്ങളുടെ കരുത്തുണ്ട്.

 

എന്നിരുന്നാലും ഐപിഎല്ലിൽ പ്രവചനങ്ങൾക്ക് സ്ഥാനമില്ല. ഇക്കഴിഞ്ഞ സീസണികളിലൂടെ നാം നേരിട്ട് മനസിലാക്കിയ സത്യമാണത് . ആകെ 28 തവണ ഏറ്റുമുട്ടിയപ്പോള്‍ 17 തവണ ജയം മുംബൈക്കൊപ്പം നിന്നു. കഴിഞ്ഞവര്‍ഷം പ്രാഥമിക റൗണ്ടിലും നോക്കൗട്ടിലും ഫൈനലിലുമായി നാലു മത്സരങ്ങളിലും ജയം മുംബൈയ്ക്കായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ല. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഓരോ ബയോ സെക്യുര്‍ ബബിളിനകത്താകും താരങ്ങള്‍.

 

OTHER SECTIONS