ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് : കേരളത്തിന് ആദ്യ ദിനം മൂന്ന് സ്വര്‍ണം

By anju.03 11 2018

imran-azhar


റാഞ്ചി: മുപ്പത്തിനാലാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം മൂന്നു സ്വര്‍ണവുമായി കേരളം. വെള്ളിയാഴ്ച മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കിയാണ് ആദ്യ ദിനം കേരളം കരുത്ത് കാട്ടിയത്. കേരളത്തിന്റെ രണ്ട് സ്വര്‍ണം ലോങ്ജമ്പിലും ഒന്ന് പോള്‍വാള്‍ട്ടിലുമായിരുന്നു. ആദ്യദിനം രണ്ട് ദേശീയ റെക്കോഡും ഒരു മീറ്റ് റെക്കോഡും പിറന്നു.

 

അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ആന്‍സി സോജന്‍ (5.97 മീറ്റര്‍) കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചു. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ നിര്‍മല്‍ സാബുവും (7.45 മീ.) അണ്ടര്‍ 20 വനിതകളുടെ പോള്‍വാള്‍ട്ടില്‍ ദിവ്യ മോഹനും (3.20 മീ.) സ്വര്‍ണം കേരളത്തിനായി നേടിക്കൊടുത്തു.

 

അണ്ടര്‍ 18 പോള്‍വാള്‍ട്ടില്‍ ബ്ലെസ്സി കുഞ്ഞുമോന്‍ (2.80 മീ.) വെള്ളി നേടിയപ്പോള്‍ അണ്ടര്‍ 20 പോള്‍വാള്‍ട്ടില്‍ സൗമ്യ വി.എസും (2.90 മീ.) ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യുവും (13.35 മീ.) വെങ്കലം നേടി. ലോങ്ജമ്പില്‍ പി.എസ്. പ്രഭാവതിയും പോള്‍വാള്‍ട്ടില്‍ കെ.എ. അനുജയും നാലാമതെത്തി.

 

മീറ്റില്‍ രണ്ട് ദേശീയ റെക്കോഡുകള്‍ പിറന്നു. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ പഞ്ചാബിന്റെ ജാസ്മിന്‍ കൗര്‍ (14.27) പഴയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് താരമായി. പഞ്ചാബിന്റെ തന്നെ പരംജ്യോത് കൗര്‍ (14.22) 2016ല്‍ സ്ഥാപിച്ച റെക്കോഡാണ് മറികടന്നത്. ഈയിനത്തില്‍ രണ്ടാമതെത്തിയ ഹരിയാണയുടെ അഞ്ജലി ദേശീയ റെക്കോഡ് മറികടന്നു. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ റോബര്‍ട്ട് ബോബി ജോര്‍ജിന്റെ ശിഷ്യയായ ഉത്തര്‍പ്രദേശിന്റെ ശൈലി സിങ് (5.94 മീറ്റര്‍) മറ്റൊരു ദേശീയ റെക്കോഡിന് ഉടമയായി.


അണ്ടര്‍ 20 വനിതകളുടെ ലോങ്ജമ്പില്‍ 6.22 മീറ്റര്‍ ചാടിക്കടന്ന പഞ്ചാബ് താരം രേണു, മലയാളിയായ വി. നീന 2010ല്‍ സ്ഥാപിച്ച മീറ്റ് റെക്കോഡ് (6.19) മറികടന്നു. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മഹാരാഷ്ട്രയുടെ ദീപക് യാദവ് (4.79) മറ്റൊരു മീറ്റ് റെക്കോഡിന് ഉടമയായി.

 

OTHER SECTIONS