സീനിയർ വനിതാ ഹോക്കി; സായിയും ഒഡിഷയും അവസാന എട്ടിൽ

By online desk.04 02 2020

imran-azhar

 

 

കൊല്ലം: ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ സായി ( സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ), ഒഡിഷ ടീമുകൾ ക്വാർട്ടർ ഫൈനൽ കടന്നു. പൂൾ എയിൽ ഹോക്കി ഹിമാചലിനെ 6-1 ന് തകർത്താണ് ഒഡിഷ ഗ്രൂപ്പിൽ ഒന്നാമതായി ക്വാർട്ടർ ഉറപ്പിച്ചത്. റഷ്മിത മിൻസിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഒഡിഷ ടീമിന് മുന്നിൽ ഹോക്കി ഹിമാചലിന്റെ തന്ത്രങ്ങളെല്ലാം പാളി.

 

ഒഡിഷയുടെ മുന്നേറ്റങ്ങൾക്ക് തടയിടാൻ ഹിമാചൽ പ്രതിരോധം നന്നേ പാടുപെട്ടു. ഒഡിഷയ്ക്കായി ദീപ്തി ലാക്രയും സരിത കെർക്കേറ്റയും രണ്ടു ഗോളുകൾ വീതം നേടി. ക്യാപ്റ്റൻ റഷ്മിത മിൻസ്, ടോപ്പോ ജിവാൻ കിഷോരി എന്നിവർ ഓരോ ഗോൾ നേടി. ഹിമാചലിന്റെ ആശ്വാസഗോൾ ആർതി കശ്യപിന്റെ വകയായിരുന്നു.

 

 

പൂൾ ബിയിൽ ഗാങ്പുർ ഒഡിഷ ടീം എത്താത്തതിൽ സായിയ്ക്ക് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) വാക്കോവർ ലഭിച്ചു. കളിച്ച മൂന്നു മത്സരങ്ങളിൽ നിന്നും 9 പോയിന്റുമായി സായി പൂൾ ബിയിൽ നിന്നും ഹരിയാനയ്ക്കു പിന്നിലായി ക്വാർട്ടർ ബർത്ത് ഉറപ്പാക്കി. പൂൾ സിയിൽ ചത്തീസ്ഗണ്ഡിനെ 3-2 ന് തോൽപ്പിച്ചു ഉത്തർപ്രദേശ് ക്വാർട്ടർ ഫൈനൽ പ്രതീക്ഷ നിലനിർത്തി.

 

രണ്ട് ഗോളിന് പിന്നിലായതിനു ശേഷം പതറാതെ മൂന്നെണ്ണം തിരിച്ചടിച്ചാണ് ഉത്തർപ്രദേശിന്റെ വിജയം. ചത്തീസ്ഗണ്ഡിനായി അമൃതപാൽ കൗർ, സോനു എന്നിവർ ഗോൾ നേടിയപ്പോൾ ഉത്തർപ്രദേശിന്റെ ഗോളുകൾ വിനമ്രത യാദവ്, പൂജ യാദവ്, അർച്ചന ഭരദ്വാജ് എന്നിവർ കുറിച്ച്. തോൽവിയോടെ ചത്തീസ്ഗണ്ട് ടൂര്ണമെൻറ്റിൽ നിന്നും പുറത്തായി.

 

 

ഇന്ന് ഏഴു മത്സരങ്ങൾ നടക്കും. പൂൾ എയിലെ നിർണായക മത്സരത്തിൽ മധ്യപ്രദേശ് ഹോക്കി ഹിമാചലിനെ നേരിടും. ഹോക്കി ഭോപ്പാൽ എത്തിച്ചേരാത്തതിനാൽ കേരളം ടീമിന് ഇന്ന് വാക്കോവർ ലഭിക്കും. പൂൾ ബിയിലെ സൂപ്പർ പോരാട്ടത്തിൽ ഇന്ന് ഹരിയാന സായിയെ നേരിടും. മത്സര വിജയികൾ പൂൾ ബിയിൽ ജേതാക്കളാകും.

 

പൂൾ ബിയിലെ മറ്റൊരു മത്സരത്തിൽ കർണാടക രാജസ്ഥാനുമായി പോരടിക്കും. പൂള് സിയിൽ മഹാരാഷ്ട്ര പഞ്ചാബ് ഹോക്കി യൂണിറ്റ് ഓഫ് തമിഴ്നാടിനെയും നേരിടും. പൂൾ ഡിയിൽ ഹോക്കി ജാർക്കണ്ഡിന് സി ആർ പി എഫും മധ്യപ്രദേശ് ഹോക്കി അക്കാഡമിക്ക് ഹോക്കി ഛത്തീസ്ഗണ്ടുമാണ് എതിരാളികൾ.

 

 

OTHER SECTIONS