ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന് പാക് ഭീഷണി

ലോകകപ്പില്‍ ഇന്ത്യ വാശി പിടിച്ചാല്‍ ലോകകപ്പില്‍ ഞങ്ങളും ആ വഴി നോക്കും -പാക്ക് മന്ത്രി

author-image
Greeshma Rakesh
New Update
ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന് പാക് ഭീഷണി

ഇസ്ലാമാബാദ് : ക്രിക്കറ്റിന്റെ പേരില്‍ വീണ്ടും ഇന്ത്യ -പാക്ക് വാക്‌പോര്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്ന കാര്യം പ്രതിസന്ധിയിലായി. ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഏഷ്യ കപ്പിനായി ഇന്ത്യ നിഷ്പക്ഷവേദിക്കായി വാശി പിടിച്ചാല്‍ പാകിസ്ഥാന്‍ ടീമിനെ ലോകകപ്പിനായി ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാക് കായിക മന്ത്രി എഹ്സാന്‍ മസാരി പറഞ്ഞു.

പാക്കിസ്ഥാന്റെ ലോകകപ്പ് പങ്കാളിത്തം തീരുമാനിക്കാന്‍ രൂപം നല്‍കിയ പ്രധാനമന്ത്രിയുടെ ഉന്നതാധികാര സമിതിയിലെ അംഗം കൂടിയാണ് മസാരി.''ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഇന്ത്യ അവരുടെ ഏഷ്യ കപ്പ് മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ കളിക്കാതെ നിഷ്പക്ഷവേദിയില്‍ കളിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇന്ത്യയിലെ ഞങ്ങളുടെ ലോകകപ്പ് മത്സരങ്ങളില്‍ നിഷ്പക്ഷ വേദി ആവശ്യപ്പെടും'- മസാരി പ്രതികരിച്ചു.

 

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കഴിഞ്ഞ ദിവസം ഒരു ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് എഹ്സാന്‍ മസാരിയുടെ പ്രസ്താവന.

വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയാണ് സമിതിയുടെ അധ്യക്ഷന്‍. 11 മന്ത്രിമാര്‍ സമിതിയിലെ അംഗങ്ങളാണ്. ഈ സമിതി സാഹചര്യങ്ങള്‍ വിലയിരുത്തി പാക്കിസ്ഥാന്‍ ടീമിന്റെ ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനം പ്രധാനമന്ത്രിയെ അറിയിക്കും. സമിതി അടുത്ത ആഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മസാരി പറഞ്ഞു.

 പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ അധ്യക്ഷന്‍ സാക്ക അഷ്‌റഫ് ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഐസിസി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് സൂചനയുണ്ട്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ കൂടിയായ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും ഡര്‍ബാനില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ഇരുവരും തമ്മില്‍ ഏഷ്യാകപ്പ്,ലോകകപ്പ് പങ്കാളിത്തത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും സൂചനയുണ്ട്.

ഏഷ്യാകപ്പിന്റെ മത്സരക്രമം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും പാക്കിസ്ഥാനും ശ്രീലങ്കയും സംയുക്തമായി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ അവരുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ മാത്രമേ കളിക്കൂ എന്ന് നേരത്തെ അറിയിച്ചിരുന്നു. പാകിസ്താന്റെ എതിര്‍പ്പുണ്ടായെങ്കലും ഇക്കാര്യം തീരുമാനമായിരുന്നതാണ്.

india cricket bcci pakistan World Cup 2023